വ്യവസായമില്ല; കാളികാവ് ബ്ലോക്കിന്റെ വ്യവസായ പാർക്ക് കാടുമൂടി
text_fieldsകാളികാവ്: കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മിനി വ്യവസായ എസ്റ്റേറ്റ് കാട് മൂടി. 2019 ൽ ഉദ്ഘാടനം ചെയ്ത വ്യവസായ പാർക്കിൽ ഇതുവരെ ഒരു സംരംഭവും വന്നില്ല. സംരംഭങ്ങൾ തുടങ്ങാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നാണാക്ഷേപം. നിലവിൽ ഇവിടം കാട്ടുപന്നികളുടെയും കാലികളുടെയും സുഖവാസ കേന്ദ്രമാണ്.
1.20 കോടി രൂപക്കാണ് രണ്ട് ഏക്കറും ഏഴുസെന്റും വരുന്ന സ്ഥലം വ്യവസായ പാർക്കിനായി ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയത്. വാട്ടർ ടാങ്കിനും ട്രാൻസ്ഫോർമറിനും മറ്റുമായി അരക്കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തു. സംരംഭങ്ങൾ ക്ഷണിച്ചുള്ള പത്രപരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും പേർ മുന്നോട്ടുവന്നിരുന്നു. എന്നാൽ വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. സ്ഥലം 30 വർഷ പാട്ട ഭൂമിയായിട്ടാണ് വ്യവസായികൾക്ക് നൽകുക. ഒരു സെന്റിന് ഒരു ലക്ഷം രൂപക്ക് മുകളിൽ ഒരു വർഷത്തിനിടെ മൂന്ന് ഗഡുക്കളായി നൽകണം. 10 സെന്റ് ഏറ്റെടുക്കുന്ന ഒരാൾ 12 ലക്ഷത്തോളം രൂപ മൂന്നു ഗഡുക്കളായി മുൻകൂർ അടക്കണം. ഇത് ചെറുകിട സംരംഭകർക്ക് താങ്ങാനാവുന്നതല്ല. സംരംഭം തുടങ്ങുന്നതിനുള്ള കുടിവെള്ളം, വൈദ്യുതി എന്നിവ വ്യവസായ പാർക്കിൽ ലഭ്യമാണ്. ലൈസൻസും മറ്റ് കാര്യങ്ങളും ഗ്രീൻ ചാനലിലൂടെ സാധ്യമാവുകയും ചെയ്യും.
ഭീമമായ പാട്ടതുകയും വ്യവസായങ്ങൾ തുടങ്ങാമെന്നേറ്റവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കാത്തതുമാണ് പദ്ധതി യാഥാർഥ്യമാകാത്തതെന്നാണ് അറിയുന്നത്. കുത്തനെയുള്ള രണ്ട് ഏക്കർ ഏഴു സെന്റ് സ്ഥലമാണ് ഇത്. പിന്നീട് കുന്നിടിച്ച് നിരപ്പാക്കി ഒന്നര ഏക്കറോളം സ്ഥലം നിർമാണ യോഗ്യമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.