വാർധക്യത്തിൽ കുഞ്ഞനും തങ്കയും ദുരിതക്കയത്തിൽ
text_fieldsകാളികാവ്: വാർധക്യവും ജീവിത ദുരിതങ്ങളും കൂട്ടായി ചോക്കാട്ട് വൃദ്ധ ദമ്പതികൾ. തകർച്ച നേരിടുന്ന കൊച്ചു വീട്ടിൽ തിരിഞ്ഞു നോക്കാനാളില്ലാതെ കരുണ തേടുകയാണ് ചോക്കാട് പന്നിക്കോട്ടുമുണ്ട പാമ്പീര്യപൊയിൽ ആറു സെൻറ് കോളനിലെ നടുക്കുടി കുഞ്ഞൻ-തങ്ക ദമ്പതികൾ. കൊച്ചു വീട്ടിനകത്ത് സ്വന്തമായി നിവർന്ന് നിൽക്കാൻപോലും കഴിയാതെ ജീവിതം എങ്ങനെ മുന്നോട്ട് നീക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണിവർ. 86 വയസ്സു കഴിഞ്ഞ കുഞ്ഞൻ ജന്മനാ അന്ധനാണ്. 82 വയസ്സായ തങ്കക്കാവട്ടെ നിവർന്നു നിൽക്കാൻ പോലുമാവുന്നില്ല.
20 വർഷം മുമ്പ് പഞ്ചായത്തിൽനിന്ന് ലഭിച്ച ഒരു കൊച്ചുവീടാണ് ഇവർക്കുള്ളത്. ഇതാവട്ടെ തകർച്ച നേരിടുന്നതുമാണ്. നിലവിലുണ്ടായിരുന്ന ശൗചാലയം ഉപയോഗശൂന്യമാവുകയും താൽക്കാലിക അടുക്കള തകരുകയും ചെയ്തിട്ടുണ്ട്. റേഷൻ കടയിൽനിന്ന് കിട്ടുന്ന അരി മാത്രമാണ് ഏക ജീവിത മാർഗം. കാഴ്ചയില്ലാത്ത കുഞ്ഞനെ കൈ പിടിച്ച് പ്രാഥമിക കർമങ്ങൾക്ക് കൊണ്ടു പോവാൻ പോലും തങ്കക്ക് കഴിയുന്നില്ല.
താമസിക്കുന്ന വീടിനോട് ചേർന്ന് നിർമിച്ച ശൗചാലയത്തിെൻറ ക്ലോസറ്റ് അടക്കം വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഉപയോഗിക്കാനും കഴിയുന്നില്ല. സ്വന്തമായി ഭക്ഷണമുണ്ടാക്കാൻ വെള്ളം തൊട്ടടുത്ത വീട്ടിലെ കിണറ്റിൽനിന്ന് കൊണ്ടുവരണം. അയൽവാസികളുടെ സഹായത്തോടെയാണ് ഇതൊക്കെ നടക്കുന്നത്. വീടിെൻറ രേഖകൾ പോലും ഇവരുടെ കൈയിലില്ല. രേഖ ഏതോ ബന്ധുവിെൻറ കൈയിലാണെന്നും അത് വെച്ച് ലോണെടുത്തിട്ടുണ്ടെന്നും അയൽവാസികൾ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ സൈനുദ്ദീൻ വിഷയത്തിൽ ഇടപെട്ടാണ് ഇവരുടെ ദുരിതം പുറത്തറിയുന്നത്. ഇവരെ സഹായിക്കുന്നതിന് അധികൃതരും നാട്ടുകാരും മുന്നോട്ടു വരണമെന്ന് റസിയ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.