മഞ്ഞപ്പെട്ടിയിലെ ഒന്നേകാൽ ഏക്കർ സ്ഥലം തിരിച്ചുപിടിച്ചു
text_fieldsകാളികാവ്: മഞ്ഞപ്പെട്ടി പള്ളിപ്പടിയിൽ അന്യാധീനപ്പെട്ട ഒന്നേകാൽ ഏക്കർ പൊതുസ്ഥലം ചോക്കാട് പഞ്ചായത്ത് അധികൃതരുടെ ഇടപെടലിലൂടെ തിരിച്ചുപിടിച്ചു. ഭൂമി ആസ്തി രജിസ്റ്ററിൽ എഴുതിച്ചേർക്കുകയും ചെയ്തു. ഏഴുവർഷത്തെ പരിശ്രമമാണ് വിജയം കണ്ടത്. ചോക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 135/179/13ൽപെട്ട ഒന്നേകാൽ ഏക്കറിൽ പകുതി സ്ഥലം കാലങ്ങളായി നാട്ടുകാർ മൈതാനമായി ഉപയോഗിക്കുകയായിരുന്നു. മൈതാനത്തിന്റെ സ്ഥലം ഒഴിച്ചുള്ള ബാക്കി ഭാഗത്തെ കശുവണ്ടി കൃഷി സ്വകാര്യ വ്യക്തികൾ വിളവെടുത്തിരുന്നു. 2015ൽ ഈ സ്ഥലത്തിന്റെ അവകാശികൾ എന്ന പേരിൽ സ്വകാര്യ വ്യക്തികൾ വേലി കെട്ടുകയും കപ്പ കൃഷിയിറക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വേലി പൊളിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. പ്രശ്നം സങ്കീർണമാകുമെന്ന് കണ്ട് പഞ്ചായത്ത് അധികൃതർ ഇടപെട്ടു.
സ്ഥലത്തിന്റെ അവകാശികളായി രംഗത്തുവന്ന കുടുംബത്തോട് നിശ്ചിത ദിവസത്തിനുള്ളിൽ വസ്തുവിന്റെ രേഖ ഹാജരാക്കാൻ വില്ലേജ് അധികാരികളും പഞ്ചായത്തും ആവശ്യപ്പെട്ടു. രേഖ ഹാജരാക്കാൻ വൈകിയതിനാൽ മറ്റൊരവസരവും നൽകി. മറുപടി ലഭിക്കാത്തതിനാലും വില്ലേജ് താലൂക്ക് രജിസ്റ്ററുകളിൽ ഈ ഭൂമിയുടെ പേരിൽ അവകാശികളെ കാണാത്തതിനാലും ഇത് മിച്ച ഭൂമിയായി കണക്കാക്കി. ഇതുവരെ പൊതുമൈതാനമായി ഉപയോഗിച്ചിരുന്ന സ്ഥലവും ബാക്കി വരുന്ന മറ്റു വസ്തു വകകളടക്കമുള്ള സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു. വസ്തുവിന്റെ പൂർണ അധികാരം പഞ്ചായത്തിനാക്കുന്നതിന്റെ ഭാഗമായി ഈ മാസം മൂന്നിന് പഞ്ചായത്തിന്റെ പേരിൽ നികുതി അടക്കുകയും ചെയ്തു.
ഈ സ്ഥലം തൽക്കാലം മൈതാനമായി ഉപയോഗിക്കുമെങ്കിലും ഭാവിയിൽ വിവിധ പദ്ധതികൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. സിറാജുദ്ദീൻ പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിറാജ് നീലാമ്പറ, അറക്കൽ സക്കീർ ഹുസൈൻ, മുപ്ര ശറഫുദ്ദീൻ, ഷാഹിന ബാനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.