പുളിയങ്കല്ലുകാർ പരിധിക്ക് പുറത്താണ്;ഒാൺലൈൻ പഠനത്തിന് പാറപ്പുറം കയറണം
text_fieldsകാളികാവ്: ഓൺലൈൻ പഠനം സാധ്യമാകാൻ അഞ്ചച്ചവിടി പുളിയങ്കല്ലുകാർ വീട്ടിൽ നിന്നിറങ്ങി പാറപ്പുറം കയറണം. മൊബൈൽ നെറ്റ് വർക്ക് പരിധിക്ക് പുറത്തായതാണ് കാരണം. നിലവിൽ ഒരു മൊബൈൽ കമ്പനിയുടെയും നെറ്റ്വർക്ക് ലഭിക്കാത്തതിനാൽ മഹാമാരി കാലത്ത് ഇവിടത്തെ കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ല.
വർഷങ്ങളായി മൊബൈൽ ഫോൺ മുഖേന സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഈ ഗ്രാമത്തിന്. ഇപ്പോൾ വിദ്യാർഥികളുടെ പഠനം ഓൺലൈനിൽ ആയതോടെ ദുരിതം ഇരട്ടിയായി. ക്ലാസ് നടക്കുന്ന സമയം കുട്ടികൾ വീട്ടിൽ നിന്നിറങ്ങി പറമ്പിലും പാറപ്പുറത്തും പോയിരുന്നാണ് പഠിക്കുന്നത്.
ഈ സമയം രക്ഷിതാക്കൾ കുട്ടികൾക്ക് കൂട്ടിരിക്കുകയും വേണം. ഇവിടെനിന്ന് നാലു കിലോമീറ്റർ ദൂരത്താണ് എല്ലാ കമ്പനികളുടെയും മൊബൈൽ ടവറുള്ളത്. പുളിയങ്കല്ല് ഗ്രാമത്തിലെ ഇരുനൂറിലേറെ കുടുംബങ്ങളിലെ വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.
ഒന്നര വർഷമായി നടക്കുന്ന ഓൺലൈൻ പഠനത്തിെൻറ ഗുണം ഈ ഗ്രാമത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടില്ല. ടവർ നിർമിക്കാൻ ഏത് കമ്പനികൾ മുന്നോട്ടു വന്നാലും ആവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ പലരും തയാറാണ്. പക്ഷേ, അതിന് മുന്നിട്ടിറങ്ങാൻ ആരുമില്ലാത്തതാണ് പ്രശ്നപരിഹാരം അകലെയാവാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.