അക്രഡിറ്റഡ് ഏജൻസിയുടെ അംഗീകാരം നഷ്ടപ്പെട്ടു; കാളികാവിലെ മരാമത്ത് വർക്കുകൾ വീണ്ടും പ്രതിസന്ധിയിൽ
text_fieldsകാളികാവ്: ഗ്രാമപഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികൾ അനിശ്ചിതത്വത്തിലാവുന്നു. 48 മരാമത്ത് പദ്ധതികൾ ഇ-ടെൻഡർ നടത്തി നൽകുന്നതിന് പകരം അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകിയത് റദ്ദായതായാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രോജക്ട് മാനേജ്മെൻറ് കൺസൽട്ടൻസിയുടെ അംഗീകാരം നഷ്ടപ്പെട്ടതാണ് റദ്ദാവാൻ കാരണം. സെപ്റ്റംബർ ഒന്നാം തിയതി കൺസൽട്ടൻസിയുടെ ലൈസൻസ് കാലാവധി അവസാനിച്ചതായി കാളികാവ് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 31ന് മത്സരാടിസ്ഥാനത്തിൽ ക്ഷണിച്ച ടെൻഡറും റദ്ദായതായി എ.ഇ കത്തിലൂടെ അറിയിച്ചു. 2024-25 വർഷത്തിലെ 3.85 കോടിയുടെ 48 വർക്കുകളാണ് അക്രഡിറ്റഡ് ഏജൻസിക്ക് കൊടുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്. പഞ്ചായത്തിൽ നിലവിലുള്ള എൻജിനീയറേയും ഇംപ്ലിമെൻറ് ഉദ്യോഗസ്ഥരെയും വെച്ച് നടപ്പുവർഷത്തെ പദ്ധതി പൂർത്തിയാക്കാനാവില്ല എന്നതായിരുന്നു പ്രവൃത്തികൾ അക്രഡിറ്റഡ് ഏജൻസിക്ക് കൊടുക്കാൻ പറഞ്ഞ കാരണം. അടുത്ത മാർച്ചോടെ മുഴുവൻ വർക്കുകളും പൂർത്തിയാക്കുമെന്നും ഭരണ സമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാലിപ്പോൾ എസ്റ്റിമേറ്റും ഡി.പി.സി അംഗീകാരവും ലഭിച്ച വർക്കുകളാണ് തള്ളിപ്പോയത്. റീ എസ്റ്റിമേറ്റും റീടെൻഡറും ഡി.പി.സി അംഗീകാരവും നേടി പദ്ധതി പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നു. പഞ്ചായത്തിനു കീഴിലുള്ള അംഗീകൃത കരാറുകാർക്ക് പ്രവൃത്തി കരാറുകൾ നൽകാതെ അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകിയതിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഇതിനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. നഷ്ടം വരുത്തി പദ്ധതി അക്രഡിറ്റഡ് ഏജൻസിക്ക് നൽകിയത് റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ ടെൻഡർ റദ്ദായ സാഹചര്യം കണക്കിലെടുത്ത് അടുത്തുതന്നെ പഞ്ചായത്തു ബോഡ് യോഗം ചേർന്ന് തുടർ നടപടിയാരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.