ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച തടയണകൾ മണ്ണ് മൂടി; ജല സംഭരണം നാമമാത്രം
text_fieldsകാളികാവ്: പുഴകളിൽ നിർമിച്ച തടയണകളിൽ മണ്ണ് നിറഞ്ഞതോടെ ജലസംഭരണം നാമമാത്രം. ഇതോടെ വരൾച്ചയെ പ്രതിരോധിക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച തടയണകൾ മിക്കതും ലക്ഷ്യം നേടാനാകാതെ
പാഴായി. വരൾച്ചയെ നേരിടുന്നതിനായി കാളികാവ് പഞ്ചായത്തിൽ അടുത്തിടെ നിർമിച്ച പ്രധാനപ്പെട്ട തടയണ കാളികാവ് പാലം ഭാഗം, പരിയങ്ങാട് തുടങ്ങിയവയിൽ പൂർണമായും മണ്ണടിഞ്ഞു. ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് മധുമല കുടിവെള്ള പദ്ധതിക്കുവേണ്ടി നിർമിച്ച ചെക്ക് ഡാമിലും മുക്കാൽ ഭാഗവും മണ്ണ് നിറഞ്ഞു.
പരിയങ്ങാട്, ഉദരംപൊയിൽ എന്നിവിടങ്ങളിലെ പഴയ ചിറകളും ഇതേ അവസ്ഥയാണ്. ഇതുകാരണം തടയണകളിൽ നേരത്തെ വെള്ളം വറ്റിപ്പോകുന്നതിനും കിണറുകൾ ഉപയോഗ ശൂന്യമാകുന്നതിനും കാരണമാവുകയാണ്. തടയണകളിൽ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് നിലവിൽ പഞ്ചായത്തിൽ ഫണ്ടില്ല. രണ്ട് വർഷം മുമ്പ് കാളികാവ് പാലത്തിനു താഴെ നിർമിച്ച തടയണയിൽ മുക്കാൽ ഭാഗവും മണ്ണ് മൂടിക്കഴിഞ്ഞു. പുഴകളിൽനിന്ന് മണലൂറ്റൽ നിയന്ത്രണം വന്നതിനു ശേഷമാണ് പുഴകളിൽ വെള്ളം നേരത്തെ വറ്റിപ്പോക്കാനും വർഷകാലത്ത് പുഴ തിരിഞ്ഞൊഴുകാനും കാരണമാകുന്നത്.
നൂറ്റാണ്ട് മുമ്പ് പരിയങ്ങാട് നിർമിച്ച തടയണയിൽ പൂർണമായും മണ്ണടിഞ്ഞതിനാൽ എല്ലാ വർഷവും പുഴ പരന്നൊഴുകി കൃഷി നശിക്കുകയും കൃഷിഭൂമിയിൽ മണ്ണടിയാനും കാരണമാ
കുന്നുണ്ട്. പ്രധാനമായും വേനൽ കാലത്തെ കുടി വെള്ളം ലക്ഷ്യമാക്കിയാണ് തടയണകൾ നിർമിക്കുന്നത്. എന്നാൽ മധ്യ വേനലാകുമ്പോഴേക്കും ഈ മേഖലയിലെ തൊണ്ണൂറ് ശതമാനം കിണറുകളും വറ്റിപ്പോവുകയാണ്.
കുടിവെള്ള ലഭ്യതക്ക് തടസ്സം വരാതിരിക്കാൻ പുഴയിലെ മണ്ണ് നീക്കം ചെയ്യുന്നതിന് പഞ്ചായത്തിൽ ഫണ്ട് വകയിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതാത് വർഷങ്ങളിൽ തടയണകളുടെ സമീപത്തു നിന്ന് മണ്ണും മണലും നീക്കം ചെയ്യാൻ നടപടിയില്ലെങ്കിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ എല്ലാ തടയണകളും ഉപയോഗ ശൂന്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.