പൊതുപ്രവർത്തകരുടെ ഇടപെടൽ തുണയായി; വെള്ളന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു
text_fieldsകാളികാവ്: പന്നിക്കോട്ടുമുണ്ട നെല്ലിയാമ്പാടം കോളനിയിലെ വെള്ളന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. വാർഡ് അംഗം സലീന, ഭർത്താവും പൊതുപ്രവർത്തകനുമായ കെ.ടി. മജീദ് എന്നിവരുടെ ഇടപെടലാണ് തുണയായത്. സുമനസ്സുകൾ ഇടപെട്ട് 24,500 രൂപയുടെ കുടിശ്ശിക തീർത്തതോടെയാണ് വെള്ളന്റെ വീട്ടിൽ വെളിച്ചം തെളിഞ്ഞത്.
നേരത്തേ സൗജന്യ കണക്ഷൻ എന്ന നിലയിലാണ് ആദിവാസികൾക്ക് വൈദ്യുതി നൽകിയിരുന്നത്. സൗജന്യമായി ഉപയോഗിക്കാവുന്നതിന്റെ പരിധി കവിഞ്ഞെന്ന് പറഞ്ഞ് കെ.എസ്.ഇ.ബി കുടിശ്ശിക ബിൽ നൽകി. നിർദിഷ്ട തീയതിക്കകം ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിച്ചു. ഇതേക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വെള്ളന് എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന നാല് കുട്ടികളുണ്ട്. കുട്ടികളുടെ പ്രയാസം കണക്കിലെടുത്ത് വൈദ്യുതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. സലീനയും ഭർത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ മജീദും രംഗത്തുവന്നു.
സലീന വൈദ്യുതി വകുപ്പിനും പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകി. മന്ത്രിയുടെ ഓഫിസ് ഐ.ടി.ഡി.പിയോട് പ്രശ്നം പരിഹരിക്കാൻ നിർദേശിച്ചു. കൃത്യമായി വൈദ്യുതി ബിൽ അടക്കാതെ കുടിശ്ശിക വരുത്തിയ തുക അടവാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ വിശദീകരണം.
മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ കണക്ഷൻ തിരിച്ചുനൽകാൻ നിർദേശിച്ചിട്ടും കുടിശ്ശിക തീർക്കണമെന്ന നിലപാടിൽ കെ.എസ്.ഇ.ബി ഉറച്ചുനിന്നു. 2022 സെപ്റ്റംബറിലാണ് 19,278 രൂപയുടെ കുടിശ്ശിക ബിൽ നൽകിയത്.
ബിൽ അടക്കാൻ വൈകിയതിനാൽ പലിശ ഉൾപ്പെടെ തുക 24,500 ആയി. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ആദിവാസി കുടുംബത്തെ സഹായിക്കാൻ പിരിവെടുത്ത് 5000 രൂപ നൽകി.
ബാക്കി തുക ഒരു വ്യക്തി നൽകിയാണ് ശനിയാഴ്ച ബിൽ അടച്ചത്. ഐ.ടി.ഡി.പിയും വെള്ളനെ സഹായിച്ചു. പുതിയ കണക്ഷൻ എടുക്കാൻ ആവശ്യമായ തുക ഗ്രാമപഞ്ചായത്തംഗം സലീന മുൻകൈയെടുത്ത് അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.