ശുദ്ധജലം തേടി പുഴയോരത്ത് കുഴികൾ നിർമിക്കുന്നു
text_fieldsകാളികാവ്: വേനല്‍മഴ കുറഞ്ഞത് മലയോര പ്രദേശമായ കാളികാവിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളെല്ലാം നീരൊഴുക്ക് നിലച്ച് വരണ്ടുണങ്ങിയ നിലയിലാണ്. മുൻകാലങ്ങളിൽ നല്ല തോതിൽ മഴ ലഭിച്ചുവന്നതിനാൽ ചിറാപുഞ്ചിയെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും കാളികാവ്, ചോക്കാട് പ്രദേശങ്ങളില്‍ മിക്കയിടങ്ങളിലും ഇക്കുറി കാര്യമായി മഴ പെയ്തിട്ടില്ല. പല പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്.
ചാറ്റല്‍മഴ പെയ്തതിനാല്‍ സസ്യലതാദികളില്‍ പച്ചപ്പുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമാണ്. ചാലിയാറിന്റെ കൈവഴിയായ പരിയങ്ങാട് പുഴ മാസങ്ങളായി ഒഴുക്ക് നിലച്ച് വരണ്ടുണങ്ങിയ നിലയിലാണ്. പുഴകളിൽ കുഴികളിൽ അങ്ങിങ്ങായി വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിലും ഒഴുക്ക് നിലച്ചതിനാൽ കടുത്ത നിറവ്യത്യാസവും രൂക്ഷഗന്ധവും വന്നതിനാൽ വലിയ പ്രയാസം ഉണ്ടാക്കുന്നു. ഇത് മറികടക്കാൻ പുഴയോരത്ത് കുഴികൾ നിർമിച്ചാണ് ശുദ്ധജലം കണ്ടെത്തുന്നത്.
ജലവിതാനം താഴ്ന്നതോടെ പരിസരങ്ങളിലെ കിണറുകളിലും ജലനിരപ്പ് താഴ്ന്നു. കുഴൽകിണറുകളെ ആശ്രയിച്ചാണ് പലയിടത്തും കുടിവെള്ളം കണ്ടെത്തുന്നത്. സാധാരണ ഇടനാട്ടിലും തീരദേശത്തും വരള്‍ച്ച നേരിടുമ്പോഴും മലയോരത്ത് വേനൽമഴ പെയ്ത് പുഴകളും കിണറുകളിലുമൊക്കെ ജലവിതാനം ഉയരാറുണ്ട്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ തരക്കേടില്ലാത്ത വേനല്‍മഴ ലഭിച്ചു. എന്നാല്‍ ഇത്തവണ എല്ലാ കണക്കുകൂട്ടലും തെറ്റി. വേനല്‍ക്കാലത്തെ വെള്ളക്ഷാമം തടയാൻ പലയിടത്തും തടയണ നിര്‍മിച്ചിരുന്നുവെങ്കിലും പുഴകളില്‍ നീരൊഴുക്ക് നിലച്ചതോടെ അതെല്ലാം വെറുതെയായി. കാലവര്‍ഷത്തിൽ മാത്രമാണ് ഇനി മലയോര ജനതയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.