ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേർ പിടിയിൽ
text_fieldsകാളികാവ്: മങ്കുണ്ടിലും കല്ലാമൂലയിലും ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ കട്ടേക്കാട് മജീദ് (46), പാറക്കത്തൊടി ഫാരിസ് (28), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23) എന്നിവരെയാണ് പിടികൂടിയത്. കാളികാവിനടുത്ത മങ്കുണ്ടിലും കല്ലാമൂല ചെറിയ പാലത്തിനടിയിലും ബുധനാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. അമരമ്പലം പാലത്തിന് സമീപത്തും ഇവർ മാലിന്യം തള്ളിയിട്ടുണ്ട്.
ടാങ്കർ ലോറിയിൽ നിറച്ച കക്കൂസ് മാലിന്യം കെമിക്കലുകൾ ചേർത്ത് ദ്രാവകരൂപത്തിൽ ആക്കിയാണ് തള്ളിയതെന്ന് സൂചന ലഭിച്ചിരുന്നു. വൻതോതിൽ മാലിന്യം തള്ളിയത് പുഴകളിലേക്ക് ഒഴുകുകയും മാലിന്യം നിറയാനിടയാവുകയും ചെയ്തിട്ടുണ്ട്. മധുമല പദ്ധതി ഉൾപ്പെടെ നിരവധി കുടിവെള്ള പദ്ധതികളും അണക്കെട്ടുകളും ഉള്ളതാണ് കാളികാവ് പുഴ. ഇവിടെയാണ് മങ്കുണ്ട് കള്ളുഷാപ്പിന് സമീപത്തെ തോട്ടിലേക്ക് ഒഴുകുന്ന ഓവുചാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയത്. കല്ലാമൂലയിലും ചെറിയ പാലത്തിന് ചുവട്ടിൽ വലിയതോതിൽ മാലിന്യം തള്ളിയത് ഇവിെടയും പുഴയിലേക്ക് ഒഴുകിയിട്ടുണ്ട്. രണ്ട് പുഴകളും ഒറ്റ രാത്രികൊണ്ടാണ് മലിനമാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
കാളികാവ് സബ് ഇൻസ്പെക്ടർ വി. ശശിധരൻ പിള്ള, സി.പി.ഒമാരായ വി.കെ. അജിത്, കെ.എസ്. ഉജേഷ്, വി. മനു ശ്രീധരൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.