മഴ കനക്കുമ്പോഴും പ്ലാസ്റ്റിക് ഷെഡിൽനിന്ന് മോചനമില്ലാതെ ആദിവാസി കുടുംബം
text_fieldsകാളികാവ്: വീട് ലഭിക്കാത്തതിനാൽ പ്ലാസ്റ്റിക് ഷെഡ്ഡിൽ കഴിയുന്ന ചിങ്കക്കല്ലിലെ ആദിവാസി കുടുംബത്തിന് വരുന്ന മഴക്കാലവും ദുരിതത്തിന്റേതാവുമെന്നുറപ്പായി. മുഖ്യമന്ത്രിയുടെ നവകേരള സദസ്സും കൈവിട്ടതോടെ അന്തിയുറങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് ഗീതയും അയൽവാസിയുമായ സരോജിനിയും.
എട്ട് വർഷം മുമ്പ് വീടിന്റെ തറ നിർമിച്ച് രണ്ടാം ഗഡുവിനായി ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഇടപെട്ട് വീട് നിർമാണം തടഞ്ഞതാണ് പ്രശ്നമായത്. വീട് വെക്കുന്ന സ്ഥലം വന ഭൂമിയിലാണ് എന്ന കാരണമാണ് പറഞ്ഞത്. പലപ്പോഴും കാട്ടാനയാക്രമണത്തിൽനിന്ന് തലനാരിഴക്കാണ് ഈ കുടുംബങ്ങൾ രക്ഷ പ്പെട്ടത്.
സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരന്തരം ഇവരുടെ വിഷയത്തിൽ ഇടപെട്ടതിന്റെ ഫലമായി വനം വകുപ്പിന്റെ നിരോധനം നീങ്ങി. കഴിഞ്ഞ വർഷം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ട് നിലമ്പൂരിൽ വെച്ച് ഇവർക്ക് ഭൂമിയുടെ രേഖ കൈമാറിയിരുന്നു. പക്ഷെ പ്രശ്നം അവിടെയും തീർന്നില്ല. വീടിന് നേരത്തെ ഐ.ടി.ഡി.പി അനുവദിച്ച ഫണ്ട് അപ്പോഴേക്കും കാലഹരണപ്പെട്ടു.
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാമെന്ന് അധികൃതർ ധാരണയിലെത്തിയിരുന്നു. എന്നാൽ, ലൈഫ് പദ്ധതിയിൽ പഴയ പട്ടികയിൽ ഇവരെ ഉൾപ്പെടാൻ കഴിഞ്ഞതുമില്ല. പുതിയ പട്ടികയിലും ഉൾപ്പെടുത്തിയില്ല. ഇനി ഉൾപ്പെടുത്താൻ പട്ടിക വർഗ വികസന വകുപ്പിന്റെ ഉത്തരവ് വേണം. ആറ് ലക്ഷം രൂപ ഇവർക്ക് ലൈഫ് പദ്ധതിയിൽ ലഭിക്കും. ഇത് സംബന്ധമായി ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ നടപടിയുണ്ടാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.