നാടൊരുമിച്ചു; കിടപ്പാടം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഉമ്മർ
text_fieldsകാളികാവ്: നാടും നാട്ടുകാരും ചേർത്തുപിടിച്ചതോടെ അഞ്ചച്ചവിടി പരിയങ്ങാട് പൂങ്കുഴി ഉമ്മറിന്റെ കുടുംബത്തിന് ബാങ്ക് ജപ്തിയിൽ നഷ്ടമായ കിടപ്പാടം തിരിച്ചുകിട്ടി. മൂന്ന് പെൺ മക്കളുടെ വിവാഹം നടത്താനുള്ള സാമ്പത്തിക ബാധ്യതയുടെ ഭാഗമായാണ് വീട് കാളികാവിലെ ബാങ്ക് ജപ്തി ചെയ്തത്. മുതലും പലിശയുമടക്കം 20 ലക്ഷത്തിന്റെ ബാധ്യതയാണ് കുടുംബത്തിനുണ്ടായിരുന്നത്. തിരിച്ചടക്കാൻ കഴിയാതായതോടെയാണ് വീടും പതിമൂന്ന് സെൻറ് സ്ഥലവും ബാങ്ക് ജപ്തി ചെയ്തത്.
ഇതേക്കുറിച്ച് മാർച്ച് ഒമ്പതിന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ബാങ്ക് പല തവണ നോട്ടീസയച്ചു. എന്നാൽ, തിരിച്ചടവിന് മാർഗമില്ലാതെ ഉമ്മർ നിസ്സഹായനായി.
അതിനിടെ, അടക്കേണ്ട തുക 15 ലക്ഷം രൂപയാക്കി ബാങ്ക് ഇളവ് നൽകി. അതിനുശേഷം വണ്ടൂരിൽ കഴിഞ്ഞ നവംബറിൽ നടന്ന മുഖ്യമന്ത്രിയുടെ നവകരേള സദസിൽ നൽകിയ അപേക്ഷയെതുടർന്ന് വീണ്ടും ഇളവ് നൽകി. ഒടുവിൽ 14,15,000 രൂപ ബാങ്കിലടച്ചാണ് കടബാധ്യത തീർത്തത്. പ്രദേശവാസിയായ കെ.വി അബ്ദുറഹിമാൻ ദാരിമി ചെയർമാനും സാമൂഹിക പ്രവർത്തകരായ കെ.ടി റഷീദ് കൺവീനറും എം.കെ മുഹമ്മദലി ട്രഷററുമായി കമ്മിറ്റിയുണ്ടാക്കിയാണ് മൂന്ന് മാസം കൊണ്ട് പതിനഞ്ച് ലക്ഷത്തോളം രൂപ സ്വരൂപിച്ച് ബാങ്ക് വായ്പ തീർത്തത്. കിടപ്പാടം നഷ്ടപ്പെട്ടതോടെ കുടുംബം അന്തിയുറങ്ങുന്നത് സഹോദരന്റെ സ്ഥലത്തെ ഷെഡിലായിരുന്നു. ഗുഡ്സ് ഓട്ടോ ഓടിച്ചാണ് ഉമ്മർ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.