വോൾട്ടേജ് കുറച്ച് കെ.എസ്.ഇ.ബി; ചൂടകറ്റാൻ ഫാൻ കപാസിറ്ററിനായി നെട്ടോട്ടം
text_fieldsകാളികാവ്: പൊള്ളുന്ന മീനച്ചൂടിൽ ഉഷ്ണം താങ്ങാനാവാതെ ജനം പൊറുതിമുട്ടുമ്പോൾ വൈദ്യുതി വോൾട്ടേജ് കുറവിൽ ഫാനുകളുടെ വേഗത കുറഞ്ഞത് ആളുകളെ എരിപിരി കൊള്ളിക്കുന്നു. എങ്ങനെയെങ്കിലും ഫാനിന്റെ വേഗത കൂട്ടാൻ നിലവിലെ ഫാൻ കപ്പാസിറ്റർ മാറ്റി പരീക്ഷിക്കുകയാണ് പലരും. കാളികാവിലെ പല കടകളിലും ദിനേന 25 ഓളം ഫാൻ കപ്പാസിറ്ററുകളാണ് വിറ്റു പോവുന്നത്. എയർ കണ്ടീഷനില്ലാതെ ക്വാർട്ടേഴ്സുകളിലും മറ്റും തിങ്ങിപ്പാർക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കപ്പാസിറ്ററിന് കൂടുതൽ ആവശ്യക്കാർ.
ഫാൻ കറക്കം കുറയാൻ കാരണം ഫാനുകളുടെ കപ്പാസിറ്റർ പോയതാണെന്ന ധാരണയിലാണ് പലരും ഇത് മാറ്റി സ്ഥാപിക്കുന്നത്. വോൾട്ടേജ് കുറയുമ്പോൾ ഫാനുകളുടെ സ്പീഡ് കുറയുന്നുന്നു. ഫാനുകളും മറ്റ് ഉപകരണങ്ങളും കേടുവരാനും സാധ്യതയുണ്ട്. വോൾട്ടേജ് കുറവുമൂലം കപ്പാസിറ്ററുകൾ കേടുവരുന്നതും വ്യാപകമാണെന്ന് ഇലക്ട്രീഷ്യൻമാർ പറയുന്നു.
വൈദ്യുതി ഉപഭോഗം കുറക്കാൻ സബ്സ്റ്റേഷനുകളിലെ ട്രാൻസ്ഫോർമറുകളിലെ വോൾട്ടേജ് ടാപ്പിങ് കുറച്ചും കപ്പാസിറ്ററുകൾ ഓഫാക്കിയും വോൾട്ടേജ് കുറക്കുന്നതാണ് യഥാർത്ഥ പ്രശ്നം. ഇത് ഉപഭോക്താക്കളുടെ പരാതിക്കിടയാക്കുന്നു. എൽ.ഇ.ഡി വിളക്കുകൾ കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കുന്നതിനാൽ ഇവയുടെ വെളിച്ചത്തിൽ കുറവ് ഉണ്ടാവുകയുമില്ല. ഫാനുകളുടെ വേഗം കുറയുന്നതും എ.സി കൾ പ്രവർത്തിക്കാത്തതും രാത്രി കാലം ജനത്തെ ചുട്ട് പൊള്ളിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.