ചിന്നം വിളിച്ച് വീടുകൾക്ക് മുന്നിൽ കാട്ടന; ഉറക്കം നഷ്ടപ്പെട്ട് ആദിവാസികൾ
text_fieldsകാളികാവ്: കാട്ടാനകൾ പതിവായി വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തുന്നതോടെ ഭീതിയിൽ കഴിയുകയാണ് ചോക്കാട് നാൽപത് സെന്റിലെ ആദിവാസി കുടുംബങ്ങൾ.
കഴിഞ്ഞദിവസം വനാതിർത്തിയോട് ചേർന്ന വീടുകൾക്ക് സമീപം ആനക്കൂട്ടമെത്തി ഏറെനേരം ചിന്നം വിളിച്ച് നിന്നു. കൊട്ടൻ ചോക്കാടൻ മലവാരത്തിൽ നിന്നും നെല്ലിക്കരയിൽ നിന്നും കൂട്ടത്തോടെ ഇറങ്ങിയ ആനകൾ ആദിവാസികളുടെ വീട്ടുമുറ്റത്ത് ഇറങ്ങുന്നത് നിത്യസംഭവമായി.
തലനാരിഴക്കാണ് വീടിനുള്ളിൽ ആദിവാസികൾ രക്ഷപ്പെടുന്നത്. വീടിനു ചുറ്റുമുള്ള വാഴകളും മറ്റും പാടെ നശിപ്പിച്ചു. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽനിന്ന് രക്ഷനേടുന്നതിന് നഗറിന്റെ കിഴക്കുഭാഗത്ത് ആന മതിലും, വൈദ്യുതി വേലികളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ആന മതിൽ ചിലയിടങ്ങളിൽ കാട്ടാനകൾ തകർത്തു. വൈദ്യുതി വേലിയും ഉപയോഗശൂന്യമായി.
കാട്ടാനകളുടെ അക്രമണം ആദിവാസികളുടെ ജീവനു ഭീഷണിയായി മാറി. ഇവരുടെ വീടുകൾക്ക് സമീപത്തെ വൈദ്യുതി ലൈറ്റുകൾ ഒന്നു പോലും പ്രകാശിക്കുന്നില്ല.
പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആനമതിൽ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇവർ താമസിക്കുന്ന സ്ഥലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വനത്തിൽ നിന്നാണ് കാട്ടാനകൾ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.