ചോക്കാട് നാൽപ്പത് സെൻറിൽ ആനമതിൽ തകർത്ത് കാട്ടാനകൾ; ഉറക്കമില്ലാതെ ആദിവാസികൾ
text_fieldsചോക്കാട് നാൽപ്പത് സെൻറിലെ ആനമതിൽ തകർത്ത നിലയിൽ
കാളികാവ്: ചോക്കാട് നാൽപ്പത് സെൻറ് ആദിവാസി നഗറിൽ വനംവകുപ്പ് നിർമിച്ച ആനമതിൽ കാട്ടാനകൾ തകർത്തു. ജനവാസ കേന്ദ്രത്തിലേക്ക് വനത്തിൽനിന്ന് ആനകൾ കടന്നുവരുന്നത് തടയാൻ സ്ഥാപിച്ച മതിലാണ് തകർത്തത്. ഇതോടെ ആനപ്പേടിയിലാണ് ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. വനാതിർത്തിയോട് ചേർന്നുനിൽക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി 20 വർഷം മുമ്പ് നിർമിച്ച കരിങ്കൽ മതിലാണ് കാട്ടാനകൾ തകർത്തത്. മതിലില്ലാത്ത സ്ഥലങ്ങളിൽ സോളാർ വേലിയുണ്ട്. മതിൽ തകർന്ന ഭാഗങ്ങളിലൂടെ കാട്ടാനക്കൂട്ടം എത്തുമോ എന്ന ഭയത്തിലാണിപ്പോൾ.
നൂറിലേറെ കുടുംബങ്ങളാണ് നാൽപ്പത് സെൻറ് നഗറിലുള്ളത്. നിരന്തരം ആന ശല്യം രൂക്ഷമായതോടെ രാത്രി പുറത്തിറങ്ങാൻ കഴിയാതെയാണ് ആദിവാസികൾ കഴിയുന്നത്. മിക്കദിവസങ്ങളിലും ആനക്കൂട്ടങ്ങൾ വീട്ടുമുറ്റത്ത് എത്താറുണ്ട്. രാത്രി പുറത്തിറങ്ങിയാൽ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്.
വീട്ടുമുറ്റത്തുള്ള വാഴകളും മറ്റും കൃഷികളും ആനകൾ നശിപ്പിച്ചു കഴിഞ്ഞു. വീടുകളുടെ ഒരു ഭാഗത്ത് സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ മറുപുറം കടക്കാൻ കഴിയാത്ത ആനകൾ മതിൽ കുത്തിമറിച്ചാണ് കോളനിയിൽ എത്തുന്നത്. നേരം ഇരുട്ടുന്നതോടെ കാട്ടാനകൾ കൂട്ടമായെത്തുന്നതോടെ പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ വാതിലടച്ചിരിക്കുകയാണ് ആദിവാസികൾ. രാത്രി ആനയെത്തിയാൽ കാണാനുള്ള സംവിധാനവും കോളനിയിലില്ല. കോളനിയിൽ പൊക്ക വിളക്കുകൾ സ്ഥാപിച്ചാൽ ആനക്കൂട്ടം വരുന്നതെങ്കിലും കാണാൻ കഴിയും. മുമ്പ് സ്ഥാപിച്ച വൈദ്യുതി വിളക്കുകളും തകർന്ന് ഉപയോഗശൂന്യമായ നിലയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.