വാഹനമില്ലാതെ വലഞ്ഞ് വനംവകുപ്പ് ജീവനക്കാർ
text_fieldsകാളികാവ്: കാളികാവിൽ സ്ഥിതിചെയ്യുന്ന കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ഏക വാഹനം ഉപയോഗശൂന്യമായ നിലയിൽ. ആനയിറങ്ങിയാലും പുലിയിറങ്ങിയാലും വനമേഖലയിൽ കൊള്ള നടന്നാലും കരുവാരകുണ്ട്, കാളികാവ് വനമേഖലയിൽ വനം ജീവനക്കാർക്ക് ഒന്നും ചെയ്യാനാവുന്നില്ല. സംഭവ സ്ഥലത്ത് എത്താൻ വനപാലകർക്ക് ഒരു മാർഗവുമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഉപയോഗിക്കാൻ വാഹന സൗകര്യമില്ല.
ഉപയോഗിച്ച് കൊണ്ടിരുന്ന പഴയ ജീപ്പ് കേടുവന്ന് കട്ടപ്പുറത്തായിട്ട് രണ്ടു മാസത്തോളമായി. പകരം ജീപ്പ് അനുവദിക്കുകയോ കേടുവന്ന ജീപ്പ് നന്നാക്കുകയോ ചെയ്യുന്നില്ല. ജില്ലയുടെ പകുതിയോളം വനഭാഗം കരുവാരകുണ്ട് സ്റ്റേഷന് കീഴിലാണ് വരുന്നത്. കിഴക്ക് ചോക്കാട് കോട്ടപ്പുഴ മുതൽ പെരിന്തൽമണ്ണ വരെയും പടിഞ്ഞാറ് എടപ്പാൾ ചങ്ങരംകുളം വരെയും വിശാലമായിക്കിടക്കുന്നതാണ് ഈ സ്റ്റേഷൽ. പുറമെ അഞ്ചിലേറെ ഔട്ട് സ്റ്റേഷനുകളുമുണ്ട്. കൂടാതെ മാവോവാദി ഭീഷണി നിലനിൽക്കുന്ന ഏരിയ കൂടിയാണിത്.
കേടുവന്ന വാഹനം അടുത്ത വർഷം ഫിറ്റ്നസ് തീരുന്നതുമാണ്. പകരം വാടകക്ക് പോലും വാഹനം ലഭ്യമാക്കിയിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന വാടകക്ക് കിട്ടാനുമില്ല. മാസങ്ങളായി നിരവധി പേർ പല സന്ദർഭങ്ങളിലും അത്യാവശ്യത്തിന് ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചപ്പോൾ വാഹനമില്ല എന്ന മറുപടിയാണ് ലഭിക്കുണ്ടയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.