കലോത്സവം; മഴവില്ലഴക്
text_fieldsഅറബിഗാനത്തിലും മാപ്പിളപ്പാട്ടിലും അജ്സൽ
കോട്ടക്കൽ: എച്ച്.എസ് അറബിഗാനത്തിലും മാപ്പിളപ്പാട്ടിലും ഒന്നാമനായി എ. അജ്സൽ സനിൻ. കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് 10ാം ക്ലാസ് വിദ്യാർഥിയായ അജ്സൽ ഫലസ്തീന്റെ രോദനം പ്രമേയമായ പാട്ട് ആലപിച്ചാണ് ഒന്നാമനായത്. മുഹമ്മദ് ഉഗ്രപുരം രചിച്ച് അബുട്ടി മാസ്റ്റർ ഈണം നൽകിയ അല്ലാ ലനാ ഹുവ അസ്ബുനല്ലാ..എന്നു തുടങ്ങുന്ന ഗാനമാണ് ഭാവതീവ്രതയോടെ ആലപിച്ചത്. ഇറയവൻ തിരുഫള്ൽ ഉരയ് ഫുർഖാനുൽ അലീമിലേ..
എന്നുതുടങ്ങുന്ന ഷംസാദ് എടരിക്കോട് രചിച്ച് ഈണം നൽകിയ മാപ്പിളപ്പാട്ടാണ് അജ്സൽ ആലപിച്ചത്. രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്താബിന്റെ ഇസ്ലാം പ്രവേശനത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നതാണ് ഈ പാട്ട്.
കോട്ടൂർ കാവതിക്കളം ചീനംപുത്തൂർ അമരിയിൽ കുഞ്ഞിമരക്കാരുെടയും സുഹ്റാബിയുെടയും മകനാണ്. വട്ടപ്പാട്ട് സംഘത്തിലും അജ്സലുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ്മുട്ടിൽ എ ഗ്രേഡ് നേടിയ സ്കൂൾ ടീമിലും അജ്സൽ അംഗമായിരുന്നു.
കൗമാരക്കാരുടെ കാഴ്ചപ്പാട് വിശദീകരിച്ച് നിയ
കോട്ടക്കൽ: കൗമാരക്കാരുടെ കാഴ്ചപ്പാട് അവതരിപ്പിച്ച് ഹയർ സെക്കൻഡറി വിഭാഗം ഉർദു പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി നിയ ഫാത്തിമ. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. കൗമാര തലമുറ സമൂഹമാധ്യമങ്ങളിൽ അനാവശ്യമായി സമയം ചെലവാക്കുന്നതിന് പകരം നാടിന്റെ വികസനപ്രവർത്തനങ്ങളിലും അഭിപ്രായരൂപവത്കരണങ്ങളിലും ഭാഗമാകണമെന്ന് നിയ പ്രസംഗത്തിലൂടെ വ്യക്തമാക്കി.
സ്കൂളിലെ അധ്യാപകനായ മജീദാണ് പ്രസംഗം പരിശീലിപ്പിക്കുന്നത്. നൗഷാദ്-സൽമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: നിഹാല, നസ്റിൻ, ആലിയ, ആയിഷ, കിയാൻ.
തിരക്കുകൾ മാറ്റിവെച്ച് വീണ്ടും യുംന
കോട്ടക്കൽ: ഹിന്ദി, ഗസൽ പാട്ടുകളിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർന്ന യുംന അജിൻ ഒരു ഇടവേളക്കുശേഷം വീണ്ടും കലോത്സവ വേദിയിൽ. ഹയർ സെക്കൻഡറി മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ യുംനക്ക് ബുധനാഴ്ച ഗസൽ ആലാപനവുമുണ്ട്. കാസർകോട് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒടുവിൽ യുംന കലോത്സവത്തിൽ മത്സരിച്ചത്. മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും വേദിയിലെത്തുന്നത്. പരപ്പനങ്ങാടി സൂപ്പിക്കുട്ടി മെമ്മോറിയൽ എച്ച്.എസ്.എസ് പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ യുംന, അവസാന സ്കൂൾ കലോത്സവമെന്ന നിലക്കാണ് തിരക്കുകൾ മാറ്റിവെച്ച് പങ്കെടുക്കുന്നത്.
ഹംസ നാരോക്കാവ് രചിച്ച ‘ശുജാഇ തറവാട്ടിലെ ചിന്ത മികന്തൊരു ചെങ്കരലംകൃത തങ്കം’ എന്നുതുടങ്ങുന്ന ഇശലാണ് ഭാവതീവ്രമായി ആലപിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ മാപ്പിള പോരാളികൾ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നടത്തിയ പോരാട്ടമാണ് ഇശലുകളിലെ പ്രതിപാദ്യം. മാപ്പിളപ്പാട്ട് പരിശീലകൻ ഹനീഫ മുടിക്കോടിന്റെ ശിക്ഷണത്തിലാണ് വേദിയിലെത്തിയത്.
ഒമ്പതാം വയസ്സിൽ സ്വകാര്യ ഹിന്ദി ചാനലിന്റെ ‘സരിഗമപാ’ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ യുംന ഹിന്ദി, അറബിക്, പോപ്പ്, ഗസൽ, ഇംഗ്ലീഷ് പാട്ടുകളിലൂടെ അതിവേഗം രാജ്യാന്തര കീർത്തിയിലേക്ക് ഉയർന്നു. മൂന്ന് മില്യന് അടുത്ത് സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനൽ ഉടമയാണ്. പരപ്പനങ്ങാടി ചിറമംഗലത്തെ എ.എം ഹൗസിൽ അജിൽ ബാബുവിന്റെയും ഫാസിനയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തവളാണ്. അനുജത്തി ഫെല്ല മെഹക്കും യുംനയെ പിന്തുടർന്ന് പാട്ടിന്റെ ലോകത്തേക്ക് ചുവടുവെച്ചിട്ടുണ്ട്. എച്ച്.എസ്.എസ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ മത്സരിച്ച 24 പേർക്കും എ ഗ്രേഡുണ്ട്. മത്സരം ഉന്നത നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു.
മങ്കട മുന്നിൽ
കോട്ടക്കൽ: ജില്ല കലോത്സവത്തിൽ 153 ഇനങ്ങളിലെ മത്സരം പൂർത്തിയായപ്പോൾ മങ്കട ഉപജില്ല 606 പോയൻറുമായി ഒന്നാമത്. വേങ്ങര ഉപജില്ല 558 പോയൻറുമായി രണ്ടാമതും 544 പോയൻറുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതുമാണ്. 528 പോയൻറുമായി നിലമ്പൂർ ഉപജില്ല നാലാമതും മുന്നേറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.