500 ദിവസം പൂർത്തിയാക്കി അരുണിമയുടെ ‘വർത്തമാന കടലാസ്’
text_fieldsകൽപകഞ്ചേരി: മാധ്യമം ദിനപത്രം അടക്കം മലയാളം, ഇംഗ്ലീഷ് മുഖ്യധാരാ പത്രങ്ങളിലെ പ്രധാന വാർത്തകൾ കോർത്തിണക്കി കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി സി.പി. അരുണിമ ഒരുക്കുന്ന വർത്തമാന കടലാസ് എന്ന വാർത്ത പരമ്പര 500 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു.
കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അരുണിമ എല്ലാ ദിവസവും അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ ആണ് അവതരിപ്പിക്കുക. സ്കൂളിൽ പോകുന്നതിന് മുമ്പ് വീട്ടിലിരുന്നാണ് പത്രങ്ങൾ നോക്കി മൊബൈൽ ഫോണിൽ വാർത്ത വായന റെക്കോർഡ് ചെയ്യുന്നത്. തുടർന്ന് വാട്സ്ആപ് മുഖേനയാണ് വാർത്തകൾ ശ്രോതാക്കളുടെ കാതുകളിലേക്ക് എത്തിക്കുന്നത്.
വാക്ചാതുര്യം കൊണ്ടും തനത് ശൈലി കൊണ്ടും ശ്രോതാക്കളുടെ മനം കവർന്ന വർത്തമാന കടലാസ് നിരവധി ആളുകളാണ് വാട്സ്ആപ് ഗ്രൂപ്പുകളിൽ ദിനംപ്രതി ഷെയർ ചെയ്യുന്നത്.സ്വദേശത്തും വിദേശത്തുമായി നിരവധി ശ്രോതാക്കളുമുണ്ട്. എം.എസ്.എം സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ ഷാജി ജോർജ്, ഹെഡ്മാസ്റ്റർ എൻ. അബ്ദുൽ വഹാബ് എന്നിവർ അരുണിമയെ ഉപഹാരം നൽകി അഭിനന്ദിച്ചു.
പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം സ്കൂൾ കലോത്സവത്തിൽ വാർത്താവായന മത്സരത്തിൽ ജില്ല തലത്തിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ചരിത്ര രചന, കവിത രചന, മോഹിനിയാട്ടം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സാമൂഹിക സാംസ്കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ സി.പി. രാധാകൃഷ്ണൻ, സരളകുമാരി ദമ്പതികളുടെ മകളാണ്. സഹോദരൻ അരുൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.