കൊയ്യാനിറങ്ങി മന്ത്രി; ആവേശമായി ചെറിയമുണ്ടത്തെ കൊയ്ത്തുത്സവം
text_fieldsപനമ്പാലത്തിനടുത്ത് 15 ഏക്കറോളം വരുന്ന പാടശേഖരത്താണ് നാട്ടുനന്മ കർഷക കൂട്ടായ്മ നെൽകൃഷിയിറക്കിയത്. ആവേശവും ആരവങ്ങളും നിറഞ്ഞ കൊയ്ത്തുൽസവം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾക്കിടയിലും നെൽകൃഷിയിൽ നൂറുമേനി കൊയ്ത കർഷകർ നാടിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ രണ്ടുവർഷം മുമ്പാണ് ഈ കൂട്ടായ്മ രൂപം കൊണ്ടത്. 120 ദിവസത്തിനുള്ളില്‍ പാകമാവുന്ന 'ഉമ' എന്ന നെല്‍വിത്താണ് ഇവർ വിതച്ചത്. കുറഞ്ഞ ചെലവില്‍ ലാഭകരമായി നെല്‍കൃഷി നടത്താന്‍ കഴിയുമെന്ന് തെളിയിക്കുന്നതിനോടൊപ്പം നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിൽ നല്ലൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന സന്ദേശം കൂടിയാണ് തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നന്മ കർഷക കൂട്ടായ്മ ഇതിലൂടെ പകരുന്നത്.
ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംഷിയ സുബൈർ, കൃഷി ഓഫിസർ ശഹനില പ്രമോദ്, പഞ്ചായത്ത് അംഗം മുനീറുന്നിഷ, സരിത, മൻസൂർ, സമദ്, സലാം, നാട്ടുനന്മ അംഗങ്ങളായ അബ്‌ദു കുന്നത്ത്, അലി കാവനൂർ, എം.എസ്. അലി, ദേവരാജൻ വാണിയനൂർ, സിദ്ദീഖ് ചട്ടിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.