മഹല്ല് കമ്മിറ്റിയുടെ ഓണസമ്മാനം; വാസുവിനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം
text_fieldsകൽപകഞ്ചേരി (മലപ്പുറം): തോഴന്നൂർ കുണ്ടൻചിന കൊളമ്പിൽ വാസുവിനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് കുണ്ടൻചിന മഹല്ല് കമ്മിറ്റിയാണ് വീട് നിർമിച്ചു നൽകിയത്.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് സ്നേഹഭവനം മഹല്ല് ഖാദി കുഞ്ഞിമോൻ തങ്ങളുടെ സാന്നിധ്യത്തിൽ തിരൂർ സബ് കലക്ടർ സൂരജ് ഷാജി കുടുംബത്തിന് കൈമാറും. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവൻ മഹല്ല് നിവാസികളുടെയും കാരുണ്യത്താൽ 10 ലക്ഷം രൂപ ചെലവിൽ ഒമ്പത് മാസംകൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്.
ശാരീരിക വൈകല്യങ്ങൾകൊണ്ട് ഏറെ പ്രയാസമനുഭവിക്കുന്ന വാസുവിന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. കുടുംബത്തിെൻറ ഏക ആശ്രയം ഭാര്യ മറ്റു വീടുകളിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു.
മഹല്ല് ഭാരവാഹികളായ നെടുവഞ്ചേരി കുഞ്ഞിപ്പ, എം.സി. കുഞ്ഞൻ, എം.സി. മാനു, ഹംസ ഹാജി, നാസർ ചോലക്കൽ, കല്ലൻ കുഞ്ഞിപ്പ, ചെമ്പൻ ഹമീദ് തുടങ്ങിയവരാണ് വീട് നിർമാണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.