പുത്തനത്താണി-വൈലത്തൂർ റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു; പൊടിയിൽ മൂക്കുപൊത്തി യാത്രക്കാർ
text_fieldsകൽപകഞ്ചേരി: പുത്തനത്താണി - വൈലത്തൂർ റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ കടുത്ത പൊടിശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് വാഹന യാത്രക്കാരും വ്യാപാരികളും. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ കീറിയ ഭാഗത്തെ മണ്ണാണ് പൊടിശല്യത്തിന് കാരണം. വേനൽ കടുത്തതോടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊടിയില്‍ മുങ്ങിയ അവസ്ഥയിലാണ്. ചില വീട്ടുകാര്‍ സ്ഥലംമാറി പോകേണ്ടി വന്നു.
റോഡ് നീളെ കുഴികളാണ്. അതോടൊപ്പം പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് പൊളിച്ചതോടെ ഗതാഗത മാര്‍ഗവും വഷളായി. വാഹനമോടിച്ച് റോഡിലൂടെയുള്ള സഞ്ചാരം തന്നെ ഏറെ ശ്രമകരമാണ്. ഇനിയും പൊടി തിന്ന് ജീവിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വൈലത്തൂർ ടൗണിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് മണ്ണിട്ട് അടച്ച ഭാഗം ഉയർന്നു നിൽക്കുന്നത് കാരണം ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. തിരക്കേറിയ നഗരത്തിൽ ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. അതേസമയം റോഡ് ഉയർത്തിയും വീതി കൂട്ടിയും ആവശ്യത്തിന് കലുങ്കുകളും ഓവുചാലുകളും നിർമിച്ച് ആധുനിക രീതിയിൽ റോഡ് നവീകരിക്കാൻ 5.20 കോടി രൂപയാണ് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി അനുവദിച്ചിട്ടുള്ളത്.
എന്നാൽ പ്രവൃത്തിയുടെ ആദ്യഘട്ടമായി കലുങ്ക് നിർമാണം, ഓവുചാൽ നിർമാണം എന്നിവ നടക്കുന്നതിനിടെയാണ് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പൈപ്പിടലിന്റെ ഭാഗമായി റോഡ് നവീകരണം താൽക്കാലികമായി നിർത്തിവെച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ കടുങ്ങാത്തുകുണ്ടിലെ എം.എൽ.എയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.