എന്തുകൊണ്ട് കരേക്കാടിന് ആരോഗ്യ ഉപകേന്ദ്രമില്ല?
text_fieldsകരേക്കാട്: മാറാക്കര കരേക്കാട് ചിത്രംപള്ളി വാർഡിൽ ഗവ. എൽ.പി സ്കൂളിന് സമീപം ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ സ്വന്തമായി സ്ഥലമുണ്ട്. പരേതനായ കരിങ്കപ്പാറ മുഹമ്മദ് കുട്ടി ഇവിടെ ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ 1987ൽ സർക്കാറിന് ഏഴു സെൻറ് സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. പാമ്പ് ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമായിരിക്കുകയാണിവിടെ. ഇതുകാരണം സമീപവാസികൾക്കും വഴിയാത്രക്കാർക്കും വളരെയധികം പ്രയാസങ്ങൾ നേരിടുന്നു. മാറാക്കര ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകൾ ഉൾപ്പെടുന്ന കരേക്കാട് മേഖലയിൽ പന്തീരായിരത്തോളം ജനസംഖ്യയുള്ള പ്രദേശമാണ്. കൂടാതെ എട്ടാം വാർഡിൽ ഒരു കോളനിയുമുണ്ട്. ഇവിടെയുള്ളവർ സമീപ പഞ്ചായത്തുകളിലെ കുടുംബരോഗ്യ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
എട്ടാം വാർഡിലുള്ളവർ എടയൂർ ഗ്രാമപഞ്ചായത്തിലെ വടക്കുമ്പുറം എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തെയും കരേക്കാട് പ്രദേശത്തെ ആറ്, ഏഴ് വാർഡുകളിലെ നിവാസികൾ കുറുവ ഗ്രാമപഞ്ചായത്തിലെ പാങ്ങ് ചെണ്ടിയിലെ കുറുവ കുടുംബരോഗ്യ ആശുപത്രിയിലുമാണ് ചികിത്സ തേടുന്നത്. ആറാം വാർഡിലുള്ളവർ കോട്ടക്കൽ, പൊന്മള ആശുപത്രികളെയും സമീപിക്കുന്നു. കുത്തിവെപ്പ് എടുക്കാനോ, മുറിവ് കെട്ടാനോ സൗകര്യമുള്ള ഒരു പ്രാഥമിക ഉപകേന്ദ്രം പോലുമില്ല. മാറാക്കര ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ആരോഗ്യകേന്ദ്രം എ.സി നിരപ്പിലാണ് പ്രവർത്തുക്കുന്നത്. ഏഴ് കിലോമീറ്റർ യാത്രചെയ്ത് വേണം ഈ കേന്ദ്രത്തിൽ എത്താം. രണ്ട് ബസുകൾ മാറി കയറിവേണം കരേക്കാട്ടുകാർക്ക് മാറാക്കരയിലെ ആരോഗ്യ കേന്ദ്രത്തിലെത്താൻ.
ആരോഗ്യഉപകേന്ദ്രം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങളും സന്നദ്ധ സംഘങ്ങളും അധികൃതർക്ക് നിരവധി പ്രാവശ്യം അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഗ്രാമസഭകളിലും ഈ വിഷയം ഉന്നയിച്ചിരുന്നു. 2021ൽ സർക്കാർ നടത്തിയ ‘സാന്ത്വന സ്പർശം’ പൊതുജന പരാതി പരിഹാര അദാലത്തിലും നിവേദനം സമർപ്പിച്ചിരുന്നു. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.