കരിപ്പൂർ അപകടം: വിമാനം പുതിയ സ്ഥലത്തേക്ക് മാറ്റാൻ നടപടി തുടങ്ങി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം വീണ്ടും മാറ്റിസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. എയർഇന്ത്യ അനുമതി ലഭിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. നിലവിൽ വിമാനത്താവള വളപ്പിൽ കൂട്ടാലുങ്ങൽ ഭാഗത്ത് സി.ഐ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപം ഒരുക്കിയ കോൺക്രീറ്റ് പ്രതലത്തിലാണ് വിമാനമുള്ളത്. ഇവിടെ നിന്ന് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പഴയ വയർലെസ് ടവർ സ്റ്റേഷൻ കെട്ടിടത്തിലേക്കാണ് മാറ്റുക. കുറെകാലങ്ങളായി ഈ പ്രദേശം ഉപയോഗിക്കുന്നില്ല.
വിമാനം ചെറിയ കഷ്ണങ്ങളായി മുറിച്ചുമാറ്റിയ ശേഷം വാഹനത്തിൽ പെരിമീറ്റർ റോഡ് വഴി ഗേറ്റ് ഒന്നിലൂടെയാണ് വിമാനത്താവളത്തിന് പുറത്തെത്തിക്കുക. തുടർന്നാണ് കാർഗോ കോംപ്ലക്സിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റുക. കൊണ്ടോട്ടിയിലെ ഡൊറാൾഡ് കൺസ്ട്രക്ഷൻസിനാണ് ചുമതല. 15 ദിവസത്തിനകം പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് നിർദേശം. ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികവും സുരക്ഷ കാരണങ്ങളും പരിഗണിച്ചാണ് വിമാനം മാറ്റുന്നത്. വിമാനം സൂക്ഷിക്കാൻ എയർഇന്ത്യ നിശ്ചിത തുക അതോറിറ്റിക്ക് നൽകുന്നുണ്ട്. 2020 ആഗസ്റ്റ് ഏഴിനായിരുന്നു അപകടം. തുടർന്ന് ഒക്ടോബറിലാണ് പത്ത് ദിവസമെടുത്ത് ഒരു കോടിയോളം രൂപ ചെലവിൽ വിമാനം മാറ്റിസ്ഥാപിച്ചത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ വിമാനം അപകടത്തിൽപ്പെട്ട അതേ രീതിയിലായിരുന്നു ഇങ്ങോട്ട് മാറ്റിയത്. അന്വേഷണ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് മുറിച്ചുമാറ്റി സ്ഥാപിക്കുന്നത്. അപകടത്തിൽപ്പെട്ട യാത്രികർക്കും ബന്ധുക്കൾക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമനടപടികൾ പൂർത്തിയാകുന്നത് വരെ വിമാനം ഇവിടെ സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.