വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കി റിയാസ്; വീട്ടിലെത്തിയത് ചേതനയറ്റ ശരീരം
text_fieldsചെർപ്പുളശ്ശേരി/ഷൊർണൂർ: ജൂലൈയിൽ നടക്കാനിരുന്ന വിവാഹത്തിന് ജൂണിൽ നാട്ടിലെത്തേണ്ടതായിരുന്നു നെല്ലായ മോളൂർ വട്ടപ്പറമ്പിൽ നാസറുദ്ദീെൻറ (മാനുട്ടി) മകൻ മുഹമ്മദ് റിയാസ്. രണ്ട് വർഷം മുമ്പാണ് ബി.കോം ബിരുദധാരിയായ റിയാസ് ജോലി തേടി വിസിറ്റിങ് വിസയിൽ യു.എ.ഇയിലുള്ള ജ്യേഷ്ഠ സഹോദരൻ മുഹമ്മദ് നിസാമിെൻറ അടുത്തേക്ക് പോയത്. വൈകാതെ തന്നെ ഇൻറീരിയർ ഡിസൈനറായി ജോലി ശരിയായി. ആറ് മാസം കഴിഞ്ഞ് വിസിറ്റിങ് വിസയിൽ നിന്ന് ജോലി ചെയ്യാനുള്ള വിസയിലേക്ക് മാറുന്നതിനിടയുള്ള രണ്ടാഴ്ചക്കാലത്തേക്ക് റിയാസ് നാട്ടിലെത്തി.
ഈ ദിവസങ്ങൾക്കുള്ളിൽ ഒറ്റപ്പാലം സ്വദേശിനിയുമായി വീട്ടുകാർ വിവാഹവും നിശ്ചയിച്ചു. തുടർന്ന് ദുബൈയിലേക്ക് തിരിച്ചു പോയ റിയാസ്, കഴിഞ്ഞ ജൂണിൽ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ, കോവിഡ് മൂലം വിമാനസർവീസ് നിശ്ചലമായി. വിവാഹം കൂടുതൽ നീട്ടിവെക്കേണ്ടെന്ന് കരുതിയാണ് ജ്യേഷ്ഠൻ നിസാമിനും അയൽവാസി ചോലക്കുന്നത്ത് മുസ്തഫക്കുമൊപ്പം നാട്ടിലേക്ക് തിരിച്ചത്. ഇവർ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. മണവാളെൻറ വേഷത്തിൽ ഇറങ്ങേണ്ട വീടിെൻറ ഉമ്മറത്തേക്ക് ചേതനയറ്റ റിയാസിെൻറ ശരീരമാണ് വന്നത്. കെ.എസ്.യു പ്രവർത്തകനായിരുന്ന മുഹമ്മദ് റിയാസ് 2017-18ൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളജ് യൂനിയൻ ചെയർമാനായിരുന്നു. മാതാവ്: സുമയ്യ. മറ്റ് സഹോദരങ്ങൾ: മുഹമ്മദ് നിയാസ്, നൈന ഫെബിൻ.
ഖബറടക്കം ശനിയാഴ്ച വൈകിട്ട് മോളൂർ ജുമമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഉച്ചക്ക് രണ്ടോടെ മോളൂരിലെ വീട്ടിലെത്തിച്ച മൃതദേഹം കണ്ട് വീടും നാടും വിതുമ്പി. വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ പി.കെ. ശശി, ഷാഫി പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വത്സല, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.