കരിപ്പൂർ വിമാനദുരന്തത്തിന് നാളെ ഒരു മാസം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിെല എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിന് തിങ്കളാഴ്ച ഒരു മാസം തികയും. അപകടത്തിൽ പരിക്കേറ്റവർക്കെല്ലാം ആദ്യഘട്ടമായി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വിതരണം ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ആഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തം. ദുബൈയിൽനിന്ന് ആറ് കാബിൻ ക്രൂ ഉൾപ്പെടെ 190 പേരുമായി എത്തിയ വിമാനം 35 മീറ്റർ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
അപകടത്തിൽ പൈലറ്റ് ഇൻ കമാൻഡ് ദീപക് സാഥെ, കോ പൈലറ്റ് അഖിലേഷ് കുമാർ എന്നിവർ ഉൾപ്പെടെ 21 പേരാണ് മരിച്ചത്. 18 പേർ അപകടം നടന്ന ദിവസവും മൂന്ന് പേർ പിന്നീടും. പരിക്കേറ്റ 12 പേർ ചികിത്സയിലാണ്.
പരിക്കേറ്റവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ച ആദ്യഘട്ട നഷ്ടപരിഹാരമാണ് കൈമാറിയത്. ഗുരുതര പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയുമായിരുന്നു തുക. രണ്ട് പേരുടെ ബാങ്ക് അക്കൗണ്ടിലെ അവ്യക്തതയെ തുടർന്ന് കൈമാറാൻ സാധിച്ചിട്ടില്ല. 19 യാത്രക്കാർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇവർക്ക് പത്ത് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇത് നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇവരുടെ അടുത്ത ബന്ധുക്കളുമായി വിമാനകമ്പനി ബന്ധപ്പെട്ടിട്ടുണ്ട്. ഒരാഴ്ച്ചക്കകം വിതരണം ചെയ്യാനാണ് ശ്രമം.
331 ബാഗേജുകൾ തിരിച്ചറിഞ്ഞ് യാത്രക്കാരുടെ വീടുകളിൽ എത്തിച്ചു. പരിക്കേറ്റവരുടെ ചികിത്സ മുഴുവൻ വിമാനകമ്പനിയാണ് വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.