കരിപ്പൂർ ഭൂമിയേറ്റെടുക്കൽ: യോഗത്തിൽ ബഹളം, ഇറങ്ങിപ്പോക്ക്
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മലപ്പുറം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ബഹളം. അധികൃതരുടെ നിലപാടിലും ഉദ്യോഗസ്ഥന്റെ പരാമർശത്തെയും തുടർന്ന് ഭൂവുടമകളും സമരസമിതിയും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നീട് എം.എൽ.എമാർ ഇടപെട്ട് അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി വി. അബ്ദുറഹിമാൻ വിളിച്ചുചേർത്ത യോഗത്തിന് നേരത്തേതന്നെ ഭൂവുടമകളും സമരസമിതിയും എത്തിച്ചേർന്നു. മന്ത്രി അഞ്ചോടെയാണ് എത്തിയത്. തുടർന്ന് അൽപസമയത്തിനകം ഉദ്യോഗസ്ഥർ കോൺഫറൻസ് ഹാളിലെത്തി രണ്ട് ഘട്ടമായി കലക്ടറുടെ ചേംബറിലാണ് കൂടിക്കാഴ്ചയെന്ന് അറിയിച്ചു. ഇതിനായി പള്ളിക്കൽ വില്ലേജിലെ ഭൂവുടമകളുടെ പേരും വിളിച്ചു. എന്നാൽ, എല്ലാവരും ഒരുമിച്ചുള്ള യോഗത്തിൽ മാത്രമേ പങ്കെടുക്കൂവെന്നും ഓരോരുത്തരെയും വ്യക്തിപരമായി വിളിക്കുന്ന യോഗവുമായി സഹകരിക്കില്ലെന്നുമായിരുന്നു ഭൂരിപക്ഷം ഭൂവുടമകളുടെയും നിലപാട്. ഇതിനിടെ, ഉദ്യോഗസ്ഥൻ നടത്തിയ പരാമർശവും പ്രശ്നങ്ങൾക്കിടയാക്കി.
ഇതോടെയാണ് ഭൂവുടമകളും സമരസമിതിയും യോഗം ബഹിഷ്കരിച്ച് ഇറങ്ങിയത്. ഇതോടെ എം.എൽ.എമാരായ ടി.വി. ഇബ്രാഹിമും പി. അബ്ദുൽ ഹമീദും കലക്ടറുടെ ചേംബറിൽനിന്ന് ഇറങ്ങി ഭൂവുടമകളും സമരസമിതിയുമായി സംസാരിച്ചാണ് ഇവരെ തിരികെ എത്തിച്ചത്. ആദ്യം യോഗത്തിന് എത്താൻ തയാറായില്ലെങ്കിലും വിഷയത്തിന് പരിഹാരം കാണാനാണ് ശ്രമമെന്നും എല്ലാവരും സഹകരിക്കണമെന്നും എം.എൽ.എമാർ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് യോഗം പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.