കരിപ്പൂർ ഭൂമിയേറ്റെടുക്കൽ; സാമൂഹികാഘാത പഠനം നാളെ പുനരാരംഭിക്കും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം ബുധനാഴ്ച പുനരാരംഭിക്കും. പ്രതിഷേധത്തെത്തുടർന്ന് ആദ്യ ദിനംതന്നെ മുടങ്ങിയ പഠനമാണ് പുനരാരംഭിക്കുന്നത്. ശനിയാഴ്ച മലപ്പുറം കലക്ടറേറ്റിൽ മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന ഭൂവുടമകളുടെയും സമരസമിതിയുടെയും യോഗത്തിലെ തീരുമാനപ്രകാരമാണ് പഠനം നടക്കുന്നത്. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിനാണ് ചുമതല. ഇവരോട് പഠനം പുനരാരംഭിക്കാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 16ന് നാലംഗ സംഘം പള്ളിക്കൽ വില്ലേജിൽ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പഠനം പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇവർ വിഷയം കലക്ടറെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്ത് യോഗം ചേർന്നത്. സ്ഥലം വിട്ടുനൽകുന്നവരുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ആദ്യദിനം പള്ളിക്കലിൽ കുറച്ച് വീടുകളെ കേന്ദ്രീകരിച്ച് പഠനം നടത്തിയിരുന്നു. ബാക്കിയുള്ളതിൽ ബുധനാഴ്ച പൂർത്തീകരിച്ചേക്കും. തുടർന്ന് നെടിയിരുപ്പിലും പഠനം നടത്താനാണ് തീരുമാനം. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ദീർഘിപ്പിക്കുന്നതിന് 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
നെടിയിരുപ്പ് വില്ലേജിൽനിന്ന് ഏഴര ഏക്കറും പള്ളിക്കലിൽനിന്ന് ഏഴ് ഏക്കറുമാണ് ഏറ്റെടുക്കുക. ഇതിന് സർക്കാർ 74 കോടി അനുവദിച്ചിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.