കരിപ്പൂര്‍ റണ്‍വേ വികസനം: ഭൂമിയേറ്റെടുക്കല്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ മേഖല (റെസ) ദീര്‍ഘിപ്പിക്കാനുള്ള ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. സ്ഥലരേഖകള്‍ ഭൂവുടമകള്‍ സമര്‍പ്പിച്ചതോടെ നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. റെസയുടെ നീളം നിലവിലുള്ള 90 മീറ്ററില്‍നിന്ന് 240 മീറ്ററായി വിപുലീകരിക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. തുടക്കത്തില്‍ 18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പള്ളിക്കല്‍ വില്ലേജില്‍ കുമ്മിണിപ്പറമ്പ് റോഡിന് പടിഞ്ഞാറ് പള്ളിയും ഖബര്‍സ്ഥാനും ഒഴിവാക്കിയതോടെ ഏറ്റെടുക്കുന്നത് 14.5 ഏക്കറായി ചുരുങ്ങിയിരുന്നു. എന്നാല്‍, ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തി ശാസ്ത്രീയമായി നിര്‍ണയിച്ചതോടെ നിലവില്‍ ഏറ്റെടുക്കുക 12.506 ഏക്കര്‍ ഭൂമിയാണ്.
ഭൂമിയുടെ അളവില്‍ വന്ന കുറവ് വിമാനത്താവള വികസനത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച പള്ളിക്കല്‍ വില്ലേജില്‍നിന്ന് 5.566 ഏക്കറും 7.5 ഏക്കര്‍ തീരുമാനിച്ച നെടിയിരുപ്പില്‍നിന്ന് 6.94 ഏക്കറുമാണ് അവസാന കണക്കനുസരിച്ച് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം നെടിയിരുപ്പ് പാലക്കപ്പറമ്പ് അംഗൻവാടിയില്‍ നടന്ന പ്രത്യേക ക്യാമ്പിലാണ് അവശേഷിച്ച ഭൂവുടമകളും രേഖകള്‍ അധികൃതര്‍ക്ക് കൈമാറിയത്. നെടിയിരുപ്പില്‍ 24ഉം പള്ളിക്കലില്‍ 12ഉം അടക്കം 36 വീടുകളാണ് ഏറ്റെടുക്കുന്ന ഭൂമിയിലുള്ളത്. കൂടാതെ, പള്ളിക്കലില്‍ രണ്ട് ക്വാര്‍ട്ടേഴ്സും മൂന്ന് കെട്ടിടങ്ങളും ഏറ്റെടുക്കുന്നുണ്ട്. പുനരധിവാസ പാക്കേജിനും നഷ്ടപരിഹാരത്തിനുമായി 70.2 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതാണ്.
പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്ന കുമ്മിണ്ണിപ്പറമ്പിലെ രണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന വിഷയമാണ് സാങ്കേതികപ്രശ്നങ്ങളാല്‍ നീളുന്നത്. ഇവര്‍ക്ക് ഉടന്‍ പട്ടയം അനുവദിച്ചശേഷം നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭൂവിലയ്ക്കൊപ്പം കെട്ടിടങ്ങള്‍ക്കും മറ്റുനിര്മിതികള്ക്കും പ്രത്യേകം തുക നല്‍കുന്നുണ്ട്. കാര്‍ഷികവിളകള്‍ക്കും മരങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കും നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം വീടൊഴിയേണ്ടവര്ക്കുള്ള നഷ്ടപരിഹാര തുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രദേശെത്ത മറ്റുള്ളവരുടെ യാത്രപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടിയും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.