കരിപ്പൂർ റൺവേ നീളം കുറക്കൽ: നടന്നത് അട്ടിമറിയെന്ന് സൂചന
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം വർധിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ വൻ അട്ടിമറിയെന്ന് സൂചന. കരിപ്പൂരിൽ 2020 ആഗസ്റ്റിലെ അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അപകടം അന്വേഷിക്കാൻ നിയോഗിച്ച അഞ്ചംഗ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവിസ് പുനഃസ്ഥാപിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. പൈലറ്റിന്റെ വീഴ്ചയാണെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതോടെയാണ് കേന്ദ്രം പുതിയ ഒമ്പതംഗ സമിതിയെ നിയോഗിക്കുന്നത്. ഇവർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് റൺവേ നീളം കുറക്കാൻ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ, ഈ സമിതി ഇതുവരെ വിമാനത്താവളം സന്ദർശിച്ചിട്ടില്ല. ഈ സമിതിയുടെ റിപ്പോർട്ട് പോലും വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചിട്ടില്ല. പിന്നീട് ഈ സമിതി അഞ്ചംഗ സബ് കമ്മിറ്റിയെയും നിയോഗിച്ചു. ഇവരും കരിപ്പൂരിൽ എത്തുകയോ കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയോ ചെയ്തിട്ടില്ല. പകരം അഞ്ചംഗ കമ്മിറ്റിയിലെ ഒരാൾ മാത്രമാണ് ഇവിടെ എത്തിയത്. അതും കഴിഞ്ഞ മാസം നടന്ന സാധാരണ പരിശോധനയുടെ ഭാഗമായാണ്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിൽ റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കണമെന്ന പരാമർശമില്ല.
വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യോമസേന മുൻ മേധാവി ഫാലിഹോമി മേജർ, ഡി.ജി.സി.എ, എ.എ.െഎ.ബി, വിമാനത്താവള അതോറിറ്റി, കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞൻ, വ്യോമയാന മേഖലയിലെ വിദഗ്ധരായ അരുൺ റാവു, വിനീത് ഗുലാതി എന്നിവർ ഉൾപ്പെടുന്നതാണ് ഒമ്പതംഗ സമിതി. ഈ സമിതിയിലെ ഒരു വ്യക്തിയുടെ നേതൃത്വത്തിൽ അട്ടിമറി നടന്നതായാണ് സൂചന. ഇതിന് വിമാനത്താവള അതോറിറ്റിയിലെ ഉന്നതന്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്. സമിതിയിലെ മറ്റ് അംഗങ്ങളൊന്നും കരിപ്പൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
വലിയ വിമാനങ്ങൾ തിരിച്ചെത്തുമോ?
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറക്കുന്നതോടെ ഏറ്റവും വലിയ തിരിച്ചടിയാകുന്നത് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന്. ഇതോടെ 15 വർഷം സുഗമമായി സർവിസ് നടത്തിയ വലിയ വിമാനങ്ങൾ തിരിച്ചുവരുന്നത് പ്രതിസന്ധിയിലാകും. 150 കോടിയോളം രൂപ ചെലവിൽ നടക്കുന്ന പ്രവൃത്തി പൂർത്തിയാകുന്നതോടെ കരിപ്പൂരിലെ റൺവേയുടെ നീളം 2540 മീറ്ററാകും. ഇത് വലിയ വിമാന സർവിസുകൾക്ക് പര്യാപ്തമല്ല. ചെറിയ വിമാനത്താവളമായ മംഗലാപുരത്തിന് സമാനമാകും കരിപ്പൂർ. ഇവിടെ 2450 മീറ്ററാണ് റൺവേ നീളം. മംഗലാപുരത്ത് നിലവിൽ കോഡ് സിയിലുള്ള നാരോ ബോഡി വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. 2002ലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഹജ്ജ് സർവിസിനായി ആദ്യമായി ഇറങ്ങുന്നത്. പിന്നീട് അന്താരാഷ്ട്ര പദവി ലഭിച്ചതോടെ വിദേശ വിമാന കമ്പനികളും സർവിസ് ആരംഭിച്ചു.
സർവിസ് തീരുമാനിക്കുന്നത് വിമാനക്കമ്പനികൾ
ഓരോ വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് അതത് വിമാനക്കമ്പനികളാണ്. കമ്പനികൾ തങ്ങളുടെ സാങ്കേതിക വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. കരിപ്പൂരിലേക്ക് ലോകത്തെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഖത്തർ എയർവേസ്, സൗദി എയർലൈൻസ് എന്നിവ സർവിസ് നടത്താൻ തയാറായതും ഇക്കാരണങ്ങളാണ്. യാത്രക്കാരുടെ തിരക്ക് മാത്രം പരിഗണിച്ച് സർവിസ് നടത്തുന്ന കമ്പനികളല്ല ഇവർ. സുരക്ഷ വിലയിരുത്തലും സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയറും തയാറാക്കിയാണ് സർവിസ് നടത്തുന്നത്. ഖത്തർ, സൗദി എയർലൈൻസുകൾ വിമാനാപകടത്തിന് ശേഷവും സർവിസ് നടത്തുന്നതിന് തയാറായി രംഗത്തുവന്നെങ്കിലും ഡി.ജി.സി.എ അനുമതി നൽകിയിരുന്നില്ല.
കൊച്ചി, കണ്ണൂർ ലോബികൾക്കായി കരിപ്പൂരിനെ തകർക്കാൻ ശ്രമം -എം.കെ. രാഘവൻ എം.പി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിനുമേൽ ഒന്നിന് പിറകെ ഒന്നായി സാങ്കേതിക കുരുക്കുകൾ വെച്ചുകെട്ടുന്ന ചില ഉദ്യോഗസ്ഥരുടെ നടപടികൾ കരിപ്പൂരിനെ തകർക്കാനായി കൊച്ചി, കണ്ണൂർ സ്വകാര്യ വിമാനത്താവള ലോബികളുടെ താൽപര്യങ്ങൾക്കനുസരിച്ച് നടത്തുന്ന വിടുവേലകളാണെന്ന് സംശയിക്കുന്നതായി എം.കെ. രാഘവൻ എം.പി. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്തും കോവിഡ് കാലയളവിൽ നാലാം സ്ഥാനത്തുമുള്ള കരിപ്പൂരിനെ തകർത്ത് യാത്രക്കാരെ തൊട്ടടുത്തുള്ള സ്വകാര്യ വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഒരു വിമാനത്താവളം തകർന്നാലേ മറ്റൊന്ന് വളരൂ എന്ന ചിന്ത സങ്കുചിതമാണ്.
കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കരിപ്പൂരിനെ തകർക്കാനും സമീപത്തെ സ്വകാര്യ വിമാനത്താവളങ്ങളെ വളർത്താനുമുള്ള നീക്കങ്ങളാണ് നടത്തുന്നത്. വലിയ വിമാന സർവിസ് തടയുന്നതിലൂടെ ഹജ്ജ് സർവിസ് എന്നേക്കുമായി കോഴിക്കോട്ടുനിന്നും അട്ടിമറിക്കാനാണ് സ്വകാര്യ വിമാനത്താവള ലോബി ശ്രമം. മലബാറിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനമായ കരിപ്പൂരിലെ വലിയ വിമാന സർവിസ് നിർത്തലാക്കാനും ഒരുകാലത്തും കരിപ്പൂർ ഉയർത്തെഴുന്നേൽക്കാതിരിക്കാനുമുള്ള നീചമായ പദ്ധതികൾ ആവിഷ്കരിക്കാനും ഇത് നടപ്പാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം, വിമാനത്താവള അതോറിറ്റി, ഡി.ജി.സി.എ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിക്കുന്നവർ കരിപ്പൂരിനോട് ചെയ്തത് മാപ്പർഹിക്കാത്ത ക്രൂരതയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അവഗണന അവസാനിപ്പിക്കണം -പ്രവാസി വെൽഫെയർ ഫോറം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിനെ ഡൊമസ്റ്റിക് എയർപോർട്ട് ആക്കി തരം താഴ്ത്താനുള്ള കോർപറേറ്റുകളുടെയും േവ്യാമയാന അധികൃതരുടെയും ഗൂഢ തന്ത്രത്തിനു മുന്നിൽ കേന്ദ്ര സർക്കാറും ബന്ധപ്പെട്ട േവ്യാമ മന്ത്രാലയവും ഒത്താശ ചെയ്യുകയാണ്. ഇത്തരത്തിൽ മലബാറിലെ പ്രവാസികളോട് കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. യൂനുസ് എടയൂർ, അബ്ദുൽ റഷീദ്, ഇബ്രാഹിം കോട്ടയിൽ, അബ്ദു റസാഖ് വാണിയമ്പലം, മുഹ്സിൻ തിരൂർ, മോയിൻകുട്ടി കോട്ടപ്പുറം, സക്കീന ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് സി.എച്ച് സ്വാഗതവും ജാബിർ വടക്കങ്ങര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.