ഭക്ഷ്യ കമീഷന് ചെയര്മാന് മുന്നിൽ പരാതിക്കെട്ടഴിച്ച് ചോലനായ്ക്കർ
text_fieldsകരുളായി: സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷന് മുന്നില്‍ ചോലനായ്ക്കരുടെ പരാതിക്കൂമ്പാരം. ആഴ്ചയില്‍ കിട്ടുന്ന അരിയും സാധനങ്ങളും തികയുന്നില്ല, കൂടുതല്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ല തുടങ്ങി നിരവധി പരാതികളാണ് സംസ്ഥാന ഭക്ഷ്യകമീഷന് ചെയര്മാൻ കെ.വി. മോഹന്കുമാറിെൻറ മുന്നിൽ അവതരിപ്പിച്ചത്. ഭക്ഷണം, പോഷകാഹാരം, ആരോഗ്യം എന്നിവക്കായി വിവിധ വകുപ്പുകളിലൂടെ നടപ്പാക്കുന്ന ഭക്ഷ്യഭദ്രത പരിപാടികള്‍ ഗോത്രമേഖലകളില്‍ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് മനസ്സിലാക്കാനും അതിലേതെങ്കിലും തരത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹാരം കാണാനുമാണ് സംസ്ഥാന ഭക്ഷ്യ കമീഷന് ചെയര്‍മാനും സംഘവും കരുളായി ഉള്‍വനത്തിലെ മാഞ്ചീരി കോളനിയിലെത്തിയത്. ഈ സമയത്താണ് നിലവില്‍ ഐ.ടി.ഡി.പി മുഖേന ആഴ്ചയില്‍ നല്കുന്ന റേഷന്‍ ഇവര്‍ക്ക് തികയുന്നില്ലെന്ന പരാതി ഉയർന്നത്.
മാഞ്ചീരി ആസ്ഥാനമായി വിവിധ ഭാഗങ്ങളില്‍ 60ഓളം കുടുംബങ്ങളാണുള്ളത്. ഇതില്‍ 36 കുടുംബങ്ങൾക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. ഇതാണ് ഇവര്‍ക്ക് നല്കുന്ന അരി തികയാത്തതിെൻറ കാരണമെന്ന് ബോധ്യമായ കമീഷന് അടിയന്തരമായി ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിനും ജില്ല സപ്ലൈ ഓഫിസര്‍ക്കും നിര്‍ദേശം നല്കി. ആധാര്‍ ഇല്ലാത്തതാണ് കാര്‍ഡ് നല്കാന് പ്രയാസമായുള്ളതെന്നതിനാല്‍ ഉടന്‍ ക്യാമ്പ് സംഘടിപ്പിച്ച് ആധാര്‍ നല്കി റേഷന്‍ കാര്‍ഡ് നല്‍കണമെന്നും കമീഷന് ആവശ്യപ്പെട്ടു. ചില ദിവസങ്ങളില്‍ ലഭിക്കുന്ന മട്ട അരി കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും വെള്ള അരി നല്‍കണമെന്നും കോളനിക്കാര്‍ ആവശ്യപ്പെട്ടു ഇതിനും പരിഹാരം കാണാന്‍ നിര്‍ദേശം നല്കി. കോളനിയില്‍ അംഗൻവാടിയില്ലെന്നും ഐ.സി.ഡി.എസിെൻറ സേവനം ശരിയായ രീതിയില്‍ ലഭ്യമല്ലെന്നും സന്ദര്‍ശനത്തില്‍ ബോധ്യമായതായും അത് ഗൗരവമായി കാണുമെന്നും ജില്ല പ്രോജക്ട് ഓഫിസര്‍, ഡി.ഡി.പി എന്നിവരോട് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടുമെന്നും കമീഷന് ചെയര്മാന് കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു.
പ്രദേശത്ത് 15ഓളം കുട്ടികള്‍ പ്രൈമറിതലത്തില്‍ പഠിക്കുന്നുണ്ടെന്നും ഇവര്‍ക്ക് രക്ഷിതാക്കളെ പിരിഞ്ഞ് കിലോമീറ്ററുകള്‍ അകലെപോയി പഠിക്കുന്നത് പ്രയാസമാണെന്നും, ഇവര്‍ക്ക് വേണ്ടി മാഞ്ചീരിയില്‍ ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിക്കാന്‍ പറ്റുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ബദല്‍ സ്കൂളുകളുടെ എണ്ണം കുറക്കുകയാണെങ്കിലും ഇത്തരം മേഖലകളില്‍ ഏകാധ്യാപക വിദ്യാലയം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുമെന്നും കമീഷന് കൂട്ടിച്ചേര്‍ത്തു.
കമീഷന് അംഗങ്ങളായ വി. രമേഷ്, അഡ്വ. പി. വസന്തം, എം. വിജയലക്ഷ്മി, എ.ഡി.എം എൻ.എം. മെഹറലി, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ അഞ്ചേരിയന്‍, തഹസില്‍ദാര്‍ രഘുനാഥ്, ജില്ല സപ്ലൈ ഓഫിസര്‍ ബഷീര്‍, പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ടര്‍ മുരളി, വാര്‍ഡ് അംഗം ഇ.കെ. അബ്ദു റഹിമാന്‍, എ.ഇ.ഒ മോഹന്‍ദാസ്, കരുളായി വനം റേഞ്ച് ഒാഫിസര്‍ എം.എന്‍. നജ്മല്‍ അമീന് തുടങ്ങി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ചടങ്ങില്‍ വസ്ത്രങ്ങളും വിതരണം ചെയ്തു.
പഞ്ചായത്ത് ഊരുകൂട്ടം വിളിച്ചില്ല; ചിങ്കക്കല്ല് ആദിവാസി കോളനിയിലെ വീടുപണി വൈകുന്നു
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് ഊരുകൂട്ടം വിളിക്കാൻ വൈകുന്നതിനാൽ കല്ലാമൂല ചിങ്കക്കല്ലിലെ ആദിവാസി വീട് നിർമാണം വൈകുന്നു. വനം വകുപ്പിെൻറ എതിർപ്പിനെ തുടർന്ന് അഞ്ച് വർഷമായി മുടങ്ങിക്കിടന്നിരുന്ന വീടിെൻറ നിർമാണം പുനരാരംഭിക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രെൻറ ഇടപെടലിലൂടെ തീരുമാനമായിട്ടും നിർമാണം വൈകുന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആദിവാസി ഊരുകൂട്ടം വിളിക്കാൻ പഞ്ചയത്ത് മുൻകൈ എടുക്കാത്തതാണ് വൈകാൻ കാരണമായി പറയപ്പെടുന്നത്.
വനം വകുപ്പ് പഞ്ചായത്തിനോട് ഊരുകൂട്ടം വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദിവാസികളെ വിളിച്ചുകൂട്ടാൻ പഞ്ചായത്ത് തയാറായില്ല അതേസമയം, ഊരുകൂട്ടം വിളിക്കാൻ ഐ.ടി.ഡി.പിയിൽനിന്ന് നിർദേശം ലഭിച്ചിട്ടില്ലെന്നും പഞ്ചായത്തിന് ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും പ്രസിഡൻറ് ചൂരപ്പിലാൻ ഷൗക്കത്ത് പറഞ്ഞു. വീടുനിർമാണത്തിനായി 2015ൽ തറപ്പണി പൂർത്തിയായെങ്കിലും വനം വകുപ്പിെൻറ എതിർപ്പ് മൂലമാണ് നിർമാണം തുടങ്ങിയത്. ശേഷം മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതിയും നൽകിയിരുന്നു. കഴിഞ്ഞ മാസം വിഷയത്തിൽ വനം മന്ത്രി നേരിട്ട് ഇടപെട്ടതോടെ പ്രശ്നത്തിന് പരിഹാരമായത്. തുടർന്ന് വനം വകുപ്പും റവന്യൂ വകുപ്പും ചേർന്ന് സ്ഥലം സന്ദർശിക്കുകയും സെപ്റ്റംബർ 15ന് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.