പ്രാക്തന ഗോത്ര വിദ്യാർഥികൾക്ക് ഓണക്കോടിയുമായി സമഗ്രശിക്ഷ കേരളം
text_fieldsകരുളായി: വനത്തിൽ ജീവിക്കുന്ന പ്രാക്തന ഗോത്രവിഭാഗം വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യങ്ങൾ വിലയിരുത്താനും കുട്ടികൾക്ക് ഓണക്കോടി നൽകാനും നിലമ്പൂർ ബി.ആർ.സി അധികൃതരെത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റർ എം. മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനികളിൽ സന്ദർശനം നടത്തിയത്.
കരുളായിയിൽനിന്ന് 20 കിലോമീറ്ററിലധികം അകലെയുള്ള ഉൾവനത്തിലെ പാണപ്പുഴ, മാഞ്ചീരി, മണ്ണള, തളിപ്പുഴ, വട്ടിക്കല്ല് കോളനികളിൽ താമസിക്കുന്ന കുട്ടികൾ ചോലനായിക്കൻ, കാട്ടുനായിക്കൻ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.
നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂൾ, നിലമ്പൂർ ഷെൽട്ടർ ഹോസ്റ്റൽ എന്നിവിടങ്ങളിൽ താമസിച്ചുപഠിക്കുന്ന ഈ കുട്ടികൾക്ക് വട്ടികല്ല് കോളനിയിൽ സോളാർ സംവിധാനത്തോടുകൂടിയ ഓൺലൈൻ പഠനസംവിധാനമൊരുക്കിയിട്ടുണ്ട്. പാണപ്പുഴയിലെ കുട്ടികൾ ലാപ്ടോപ് ഉപയോഗിച്ചാണ് ഫസ്റ്റ് ബെൽ ക്ലാസ് കാണുന്നത്.
25 പഠിതാക്കളുള്ള വട്ടിക്കല്ല് കോളനിയിൽനിന്ന് മാത്രം ഈ വർഷം പത്തോളം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്ന് പഠിക്കാനുണ്ട്. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ഗോത്രഭാഷകളിൽ തയാറാക്കുന്ന മഴവിൽപൂവ് ഓൺലൈൻ ക്ലാസ് ഇവിടെ ലഭ്യമാക്കും. ഊരുമൂപ്പൻ ബാലൻ, മാഞ്ചീരി വീരൻ, ശങ്കരൻ വട്ടിക്കല്ല്, മാതൻ എന്നിവർക്കും സ്നേഹോപഹാരങ്ങൾ നൽകിയാണ് സംഘം മടങ്ങിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റർ എം. മണി, നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ എം. മനോജ് കുമാർ, ബി.ആർ.സി ട്രെയിനർമാരായ പി.ബി. ജോഷി, അബ്ദുസ്സലാം, സംഗീത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.