ആദിവാസികളുടെ കാട്ടുവിഭവങ്ങൾ ഓൺലൈൻ മാർക്കറ്റിലേക്ക്
text_fieldsകരുളായി: ആദിവാസികളുടെ കാട്ടുവിഭവങ്ങൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓൺലൈൻ മാർക്കറ്റിങ്ങിലേക്ക്. അമൽ കോളജിലെ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെൻറ് വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, നിലമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ, കേരള സ്റ്റാർട്ടപ് മിഷനുകീഴിലെ ഐ.ഇ.ഡി.സി, കീസ്റ്റോൺ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് ഉൽപന്ന വിപണനത്തിനും വിനോദസഞ്ചാര വികസനത്തിനും അവസരമൊരുങ്ങുന്നത്.
ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് അമൽ കോളജ് സംഘടിപ്പിച്ച ചർച്ചവേദിയിലാണ് ആദിവാസി മേഖലകളിലെ പുനരുജ്ജീവനത്തിനായുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി നിലമ്പൂരിലെ ആദിവാസി മേഖലകളിലെ ഊരുകൂട്ടം വഴിശേഖരിക്കുന്ന തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ ശേഖരിച്ച് അവ പ്രത്യേക ബ്രാൻഡുകളിലാക്കി വിപണിയിലെത്തിക്കാൻ അമൽ കോളജുമായി ധാരണയായി. ഇതുമായി ബന്ധപ്പെട്ട ഫുഡ് രജിസ്ട്രേഷൻ, പാക്കിങ്, ബ്രാൻഡിങ്, ഓൺലൈൻ വിപണനം, മാർക്കറ്റിങ്, പബ്ലിസിറ്റി, പരിശീലന പരിപാടികൾ തുടങ്ങിയ മേഖലകളിൽ കോളജിലെ വിവിധ ഡിപ്പാർട്ട്മെൻറുകളും വിദ്യാർഥികളും സഹകരിക്കും.
ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ ഭാഗമായി ആദിവാസി മേഖലകളിൽ സർക്കാർ സഹായത്തോടെ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ വേണ്ട പ്രോജക്ട് റിപ്പോർട്ട് അമൽ കോളജ് തയാറാക്കും. പദ്ധതിയുടെ ആദ്യപടിയായി 'ജ്യോനുറക്'പേരിൽ കാട്ടുതേൻ വിപണിയിൽ എത്തിക്കാനാണ് തീരുമാനം. ചടങ്ങിൽ അമൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി.വി. സക്കരിയ, കരുളായി പഞ്ചായത്ത് അംഗം കെ. മനോജ്, ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെൻറ് വിഭാഗം മേധാവി ടി. ഷമീർ ബാബു, അധ്യാപകരായ ഡോ. എൻ. ശിഹാബുദ്ദീൻ, എസ്. അനുജിത്ത്, വി.കെ. ഹഫീസ്, കെ.പി. ജനീഷ് ബാബു, തൊടുവെ കമ്യൂണിറ്റി സി.ഇ.ഒ പി.കെ. ശ്യാംജിത്ത്, പ്രസിഡൻറ് ബാബുരാജ്, സുനിൽകുമാർ, സനിക സുന്ദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.