കനത്ത പൊലീസ് സുരക്ഷയിൽ ചോലനായ്ക്കര്‍ക്ക് വാക്സിനേഷൻ ക്യാമ്പ്
text_fieldsകരുളായി: ഉൾവനത്തിൽ കഴിയുന്ന പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കര്‍ക്ക് പ്രത്യേക കോവിഡ് വാക്സിനേഷന് ക്യാമ്പ് നടത്തി. വനത്തിനുള്ളില്‍ 25 കിലോമീറ്റര്‍ അകലെയായി കഴിയുന്ന മാഞ്ചീരി നിവാസികള്‍ക്കാണ് കരുളായി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എ. ചാച്ചിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം കോവിഡ് വാക്സിന് നല്‍കിയത്. പഞ്ചായത്തിലെ 734 പട്ടിക വര്‍ഗക്കാരില്‍ 503 പേര്‍ക്ക് ഇതിനകം വാക്സിന് നല്കി കഴിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആദിവാസികള്‍ക്ക് വാക്സിന് ലഭ്യമാക്കാനായി ക്യാമ്പുകള്‍ നടത്തും.
ഏഷ്യയിലെ തന്നെ അവശേഷിക്കുന്ന രണ്ടാമത്തെ പ്രാക്തന ഗോത്ര വര്‍ഗത്തില്‍പെടുന്ന ഗുഹാവാസികളാണ് കരുളായി ഉള്‍വനത്തിലെ വിവിധ അളകളിലായി കഴിയുന്ന ചോലനായ്ക്കര്‍. നാടുമായി അധികം സമ്പര്‍ക്കം പുലര്‍ത്താത്ത ഉള്‍വനത്തിലെ വിവിധ അളകളില്‍ ചിന്നി ചിതറി കഴിയുന്ന ചോലനായ്ക്കരുടെ ആവാസ മേഖലകളില്‍ വൈറസ് വ്യാപനമെത്തിയിട്ടില്ല. എന്നിരുന്നാല്‍ പോലും കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരെയും സജ്ജമാക്കുകയെന്ന സര്‍ക്കാർ നിർദേശ പ്രകാരമാണ് നടപടി. തിങ്കളാഴ്ച മാഞ്ചീരിയിലെത്തി 10 ചോലനായ്ക്കര്‍ക്ക് വാക്സിന് നല്കി.
ചോലനായ്ക്കരും കാട്ടുനായ്ക്കരും ഉള്‍പ്പെടെ പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള പഞ്ചായത്ത് കൂടിയായ കരുളായിയില്‍ പ്രായപൂര്‍ത്തിയായ 734 ആളുകളില്‍ 503 പേര്‍ക്ക് ഇതിനോടകം കോവിഡ് വാക്സിന് നല്കി. ഇതില്‍ മൂന്ന് പേര് രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. നേരത്തേ നെടുങ്കയം ബദല്‍ സ്കൂളില്‍ നെടുങ്കയം, മുണ്ടക്കടവ്, വട്ടിക്കല്ല്, മാഞ്ചീരി എന്നിവിടങ്ങളിലുള്ളവര്‍ക്ക് പ്രത്യേക വാസ്കിനേഷന് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഈ ക്യാമ്പില്‍ മാഞ്ചീരി പ്രദേശത്തുള്ളവര്‍ പങ്കെടുത്തിരുന്നില്ല. മാവോവാദി ഭീഷണിയുള്ള വനമേഖലയായതിനാല്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്യാമ്പ്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം, ജെ.പി.എച്ച്.എന്‍ മഞ്ജു, സ്റ്റാഫ് നഴ്സ് ബിന്‍സി, ഫാര്‍മസിസ്റ്റ് അഷ്റഫ്, ഡ്രൈവര്‍ സന്തോഷ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.