കാലിന് മുറിവേറ്റ കാട്ടാനക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകി
text_fieldsകരുളായി: വനം വകുപ്പ് റേഞ്ചിലെ പട്ടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നെടുങ്കയം വനത്തിൽ വലതുകാലിയിൽ വൃണം രൂപപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകി.
ഏകദേശം പത്തുവയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനക്കാണ് വിദഗ്ധ സംഘം ചികിത്സ നൽകിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മുൻഭാഗത്തെ വലത് കാലിൽ വലിയ മുറിവുമായി നടക്കാൻ പ്രയാസപ്പെടുന്ന കാട്ടാനയെ ഫീൽഡ് പരിശോധനക്കിടെ വനപാലകർ കണ്ടെത്തി യത്. ഉടനെ നിലമ്പൂരിലെ വനം വെറ്ററിനറി സർജനെ വിവരമറിയിച്ചു. ആനക്ക് മയക്കുവെടി വെക്കാതെ ചികിത്സ നൽകാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഇതേതുടർന്ന് മയക്കുവെടിവെക്കാനുള്ള അനുമതിക്കായി അന്ന് വൈകീട്ടോടെ ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് കൈമാറി. വെള്ളിയാഴ്ച രാവിലെയാണ് അനുമതി ലഭിച്ചത്. തുടർന്ന് വയനാട് ആർ.ആർ.ടിയിലെ വനം വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, നിലമ്പൂർ ഫോറസ്റ്റ് അസി. വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ വിദഗ്ധ സംഘം നെടുങ്കയത്തെത്തുകയും 11 മണിയോടെ മയക്കുവെടി വെക്കുകയുമായിരുന്നു. അരമണിക്കൂറോടെ മയങ്ങിയ ആനയുടെ കാലിലെ വൃണങ്ങളിലെ പുഴക്കളെയും പഴുപ്പും നീക്കി വൃത്തിയാക്കുകയും മരുന്ന് വെച്ച് നൽകുകയും ചെയ്തു.
ആനകൾ തമ്മിലുള്ള സംഘർഷത്തിലാണ് പരിക്കേറ്റതെന്നാണ് നിഗമനം. മുൻഭാഗത്തെ വലതുകാലിന്റെ എല്ല് പൊട്ടി പുറത്ത് ചാടിയ അവസ്ഥയിലായിരുന്നു. ചികിത്സക്ക് ശേഷം ആന്റിഡോസ് നൽകിയ ആന രണ്ടു മണിയോടെ മയക്കം വിട്ടുണർന്നു. നടന്ന് നീങ്ങിയതോടെ സംഘം കാടിറങ്ങി. ആനയെ നിരന്തരം നിരീക്ഷിക്കാനായി പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അംജിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. പരിക്കേറ്റ ആനക്ക് ചുറ്റും തമ്പടിച്ച ആനക്കൂട്ടം ദൗത്യസംഘത്തിന് ഏറെ പ്രയാസം സൃഷ്ടിച്ചു. പലവട്ടം സംഘത്തെ ആക്രമിക്കാൻ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തെ ആർ.ആർ.ടി ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ, കരുളായി വനം റേഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രദേശത്തെ വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.