പ്രളയ ദുരിതാശ്വാസം: കരുവാരകുണ്ടിലൊരുങ്ങിയത് 22 വീട്
text_fieldsകരുവാരകുണ്ട്: പ്രളയത്തിെൻറ മൂന്നാം വാർഷികത്തിൽ കരുവാരകുണ്ടിലൊരുങ്ങിയത് 22 വീടുകൾ. ഒലിപ്പുഴ വഴിമാറിയെത്തി കിടപ്പാടം വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കാണ് റവന്യൂ, ദുരന്തനിവാരണ സമിതി എന്നിവ അനുവദിച്ച 2.2 കോടി രൂപയിൽ പുതുഭവനങ്ങളൊരുക്കിയത്. തരിശ് മേഖലയിലെ നാലിടങ്ങളിലായാണിത്.
2018 ആഗസ്റ്റിൽ പലതവണയായുണ്ടായ മലവെള്ളപ്പാച്ചിലിൽ തോട്ടുംകുഴി, കടലുണ്ട, കുണ്ടോട എന്നിവിടങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ദിവസങ്ങളോളം വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞു. ഇതിൽ പല കുടുംബങ്ങളും വർഷങ്ങളായി പുറമ്പോക്കിൽ വീടുവെച്ചവരായിരുന്നു. തുടർജീവിതം ദുസ്സഹമായതോടെയാണ് ഏറ്റവും അർഹരായ 22 കുടുംബങ്ങൾക്ക് ഭൂമിക്കും വീടിനുമായി സർക്കാർ 10 ലക്ഷം വീതം പ്രഖ്യാപിച്ചത്. 2020 ജനുവരിയിൽ 15 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി രേഖകൾ കൈമാറി.
ഏഴ് കുടുംബങ്ങൾ പിന്നീടാണ് സ്ഥലം കണ്ടെത്തിയത്. മുള്ളറ, കുണ്ടോട, തരിശ്, മാമ്പറ്റ എന്നിവിടങ്ങളിലാണ് വീടുകൾ നിർമിച്ചത്. പൂളക്കണ്ടി ഉമ്മർ, ഏറക്കാടൻ നാസർ, കൊളക്കാടൻ ഹുസൈൻ, അച്ചുതൊടിക ഹംസ, തൂമ്പത്ത് ജമാൽ, നരിമട സലീന, കാമ്പറത്ത് നഫീസ, കുറിയോട്ടിൽ സൈനബ, ആലിപ്പറ്റ ആസ്യ, തയ്യിൽ ഫാത്തിമ, ചേരിക്കോടൻ കുഞ്ഞിപ്പ, വലിയപ്പൻതൊടിക ഇബ്റാഹീം, പൂളക്കൽ നാസർ, പരുത്തിക്കുന്നൻ ആസ്യ, പടലാംകുന്നൻ കുഞ്ഞീമ തുടങ്ങിയവരാണ് ഗുണഭോക്താക്കളിൽ ചിലർ.
മാമ്പറ്റയിലാണ് ഏഴ് വീടുകളൊരുങ്ങിയത്. സർക്കാർ നൽകിയ പത്ത് ലക്ഷത്തിന് പുറമെയും തുക വീടിന് വിനിയോഗിച്ചെങ്കിലും ഇനിയൊരു പ്രളയത്തെ ഭയപ്പെടേണ്ടതില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഈ കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.