ഉണ്ണിക്കായി ശേഖരിച്ച 63 ലക്ഷം ഇനി 17 രോഗികൾക്ക്
text_fieldsകരുവാരകുണ്ട്: കുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയക്കൊരുങ്ങവെ വിധിക്ക് കീഴടങ്ങിയ കണ്ണത്തെ വിരിപ്പാക്കിൽ ഉണ്ണിക്കായി നാട്ടുകാർ ശേഖരിച്ച തുക ഇനി 17ഓളം കുടുംബങ്ങളുടെ കണ്ണീരൊപ്പും. ഉണ്ണി ചികിത്സ സഹായ സമിതി ജനകീയ കൂട്ടായ്മയിൽ സ്വരൂപിച്ച തുകയിൽ ബാക്കിവന്ന 62,79,630 രൂപയാണ് നാട്ടിലെയും മറുനാട്ടിലെയും നിർധന രോഗികളുടെ ചികിത്സക്കായി നൽകുക. കിഴക്കെത്തലയിലെ സഹോദരിമാരായ ഇഷ നൗറിൻ, ഇവാന ഫാത്തിമ എന്നിവരുടെ വൃക്ക, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായാണ് 30,79,630 രൂപ നൽകുന്നത്. കണ്ണത്ത് കുറ്റിപ്പിലാൻ ഫൈസലിെൻറ ചികിത്സക്ക് അഞ്ചുലക്ഷവും തരിശിലെ തച്ചമ്പറ്റ അനിത ചികിത്സ സഹായ സമിതി, പുൽവെട്ടയിലെ മറ്റത്തൂർ സുലൈഖ, പുത്തൻപുര ഫാത്തിമ ചികിത്സ സമിതി, മഞ്ഞൾപാറ നജ്മുദ്ദീൻ ചികിത്സ സഹായ സമിതി എന്നിവക്ക് നാലുലക്ഷം വീതവും നൽകി.
അഞ്ചച്ചവിടിയിലെ ശിഫ ഫാത്തിമ, കുണ്ടിലാംപാടം പന്തപ്പാടൻ ശഫീഖ്, കണ്ണത്ത് തറിക്കോട്ടിൽ നിരഞ്ജന എന്നിവർക്ക് മൂന്നുലക്ഷം വീതവും കാസർകോട്, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ചില രോഗികൾക്കായും വിഹിതം നീക്കിവെച്ചു. കണ്ണത്ത് നടന്ന ചടങ്ങിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജ ചെക്കുകൾ കൈമാറി. ഇവാന ഫാത്തിമ, ഇഷ നൗറിൻ ചികിത്സ സഹായ സമിതി ചെയർമാൻ ഹംസ സുബ്ഹാൻ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പൊന്നമ്മ, മുൻ പ്രസിഡൻറ് പൊറ്റയിൽ ആയിശ, ഉണ്ണി ചികിത്സ സഹായ സമിതി ചെയർമാൻ പി. നുഹ്മാൻ, കൺവീനർ കെ. അശ്റഫ്, ട്രഷറർ സാൻറി മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.