അഞ്ച് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; വീട്ടിലേക്കുള്ള നടപ്പാത ‘തുറന്ന്’ പാത്തുമ്മ
text_fieldsകരുവാരകുണ്ട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാക്കി സ്വന്തം വീട്ടിലേക്കുള്ള നടപ്പാത ‘തുറന്ന്’ പാത്തുമ്മ. പടികൾ 30ലേറെ കയറണമെങ്കിലും വീട്ടിലേക്ക് സഞ്ചാരയോഗ്യമായ വഴിയൊരുങ്ങിയ സന്തോഷത്തിലാണ് ഈ 85കാരിയും മകളും. കേരള പൂച്ചപ്പടിയിൽ സംസ്ഥാന പാതയിൽനിന്ന് 50 മീറ്ററോളം ഉയരത്തിലുള്ള കൊച്ചുവീട്ടിലാണ് ചങ്ങമ്പള്ളി പാത്തുമ്മയും മകൾ കുഞ്ഞിപ്പാത്തുവും കഴിയുന്നത്.
ചെങ്കൽ കുന്നിൽ പറ്റിപ്പിടിച്ച് സാഹസികമായാണ് ഈ വൃദ്ധയും മകളും അഞ്ച് പതിറ്റാണ്ടായി വീട്ടിലെത്തിയിരുന്നത്. പലപ്പോഴും വീണ് പരിക്കേറ്റിട്ടുണ്ട്. വഴിയെന്ന സ്വപ്നവുമായി ഇവർ പല വാതിലും മുട്ടി. എന്നാൽ, ആരും ഗൗനിച്ചില്ല. എന്നാൽ, ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വാർഡ് അംഗം മഠത്തിൽ ലത്തീഫ് പാത്തുമ്മയുടെ അപേക്ഷ കേട്ടു. വാർഷിക പദ്ധതിയിൽ ഒന്നരലക്ഷം വകയിരുത്തി. നഷ്ടം സഹിച്ചും 40 മീറ്റർ നീളത്തിൽ ചെങ്കുത്തായ കോൺക്രീറ്റ് പാത നിർമാണം ഏറ്റെടുക്കാൻ കരാറുകാരനും തയാറായി.
അങ്ങനെയാണ് കട്ട പാകിയ ചവിട്ടുപടികളും കോൺക്രീറ്റ് റോഡും പിടിച്ചു കയറാൻ കൈപ്പിടിയുമുള്ള പാതയൊരുങ്ങിയത്. റോഡിന്റെ ഉദ്ഘാടനവും പാത്തുമ്മ തന്നെ നിർവഹിച്ചു. നടപ്പാത ഉദ്ഘാടനം ചെയ്തപ്പോൾ പാത്തുമ്മയുടെ മുഖത്തുണ്ടായ സന്തോഷം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് മഠത്തിൽ ലത്തീഫ് പറഞ്ഞു. കെ.കെ. ജയിംസ്, അലവി ഊത്താല, എം. രാജു, സി. കുഞ്ഞിമുഹമ്മദ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.