എം.എൽ.എയോട് ദുരിതം പറഞ്ഞ് ആർത്തലക്കുന്ന് കോളനിക്കാർ
text_fieldsകരുവാരകുണ്ട്: ദുരിതാശ്വാസ ക്യാമ്പിലെത്തിയ എ.പി. അനിൽകുമാർ എം.എൽ.എയുടെ മുന്നിൽ ദുരിതങ്ങളും പരാതികളും നിരത്തി ആർത്തലക്കുന്ന് കോളനിയിലെ സ്ത്രീകൾ. കാലവർഷക്കെടുതിയിൽപെട്ട് തുടർച്ചയായി മൂന്നാം വർഷമാണ് ഇവർ ക്യാമ്പുകളിലെത്തുന്നത്. 40ഓളം കുടുംബങ്ങളാണ് ആർത്തലക്കുന്ന് പട്ടികജാതി കോളനിയിലുള്ളത്. മലയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനാൽ മഴ കനക്കുന്നതോടെ പൊലീസ് ഇവരെ കുന്നിറക്കും. ഭീഷണി തീരുന്നതുവരെ പിന്നീട് ഇവർ ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ കഴിയണം.
ഇത്തവണ 16 കുടുംബങ്ങളാണ് ക്യാമ്പിലെത്തിയത്. ഇവരിൽ 40 ദിവസം പ്രായമുള്ള കുഞ്ഞ് മുതൽ 95 വയസ്സുകാർ വരെയുണ്ട്. മറ്റെവിടെയെങ്കിലും തങ്ങൾക്ക് ഭൂമിയും വീടും വേണം. മൂന്ന് സെൻറ് മണ്ണെങ്കിലും തന്നാൽ അവിടെ ഞങ്ങൾ കൂരവെച്ചുകൊള്ളാം. അല്ലാത്തപക്ഷം ഇനി മുതൽ ഞങ്ങൾ വീടുവിട്ട് ഇറങ്ങില്ല -സ്ത്രീകൾ എം.എൽ.എയോട് കണ്ണീരോടെ പറഞ്ഞു. പുലി, ആന തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യവും കോളനിയിലുണ്ട്. ശുദ്ധജല ക്ഷാമവും നിലനിൽക്കുന്നു.
കോളനിക്കാരുടേത് ന്യായമായ ആവശ്യമാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉമ്മർ, റവന്യൂ ഉദ്യോഗസ്ഥരായ കെ. അജിത്കുമാർ, പി. പ്രമോദ്, എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.