കരുവാരകുണ്ട് കോൺഗ്രസിൽ വിവാദം വീണ്ടും
text_fieldsകരുവാരകുണ്ട്: ദലിത് കോൺഗ്രസ് പ്രസിഡന്റ് നിയമന വിവാദത്തിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും ഭിന്നത. മണ്ഡലം പ്രസിഡന്റുമായുള്ള വിയോജിപ്പിനെ തുടർന്ന് ജനറൽ സെക്രട്ടറി വി. ഷബീറലി പദവി രാജിവെച്ചു. പാർട്ടിയിൽ കൂടിയാലോചന കുറയുകയും പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യുന്നതായാണ് പരാതി.
പുതിയ മണ്ഡലം പ്രസിഡന്റായി എൻ.കെ. അബ്ദുൽ ഹമീദ് ഹാജിയെ മാസങ്ങൾക്ക് മുമ്പാണ് നാമനിർദേശം ചെയ്തത്. ഇതിൽ ചില പ്രവർത്തകർക്ക് എതിർപ്പുണ്ടായിരുന്നു. ഇതിനിടെയാണ് ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി നിയമിക്കപ്പെട്ട ജനാർദനൻ കൽക്കുണ്ടിനും മറ്റു ഭാരവാഹികൾക്കും യോഗം ചേരാൻ മണ്ഡലം കമ്മിറ്റി ഓഫിസ് തടഞ്ഞ സംഭവമുണ്ടായത്. ഇത് പ്രവർത്തകരിൽ മുറുമുറുപ്പുണ്ടാക്കി. കഴിഞ്ഞ ദിവസം ജനശ്രീ ബ്ലോക്ക് തല സെമിനാർ കരുവാരകുണ്ടിൽ നടന്നു. എം.എം. ഹസൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ പക്ഷെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പങ്കെടുത്തില്ല. പാർട്ടിയെ പ്രതിനിധീകരിക്കേണ്ട പല പരിപാടികളിലും പ്രസിഡന്റ് പങ്കെടുക്കുന്നില്ലെന്നും മറുവിഭാഗം ആരോപിക്കുന്നു. രാജിവെച്ച ഷബീറലി കോൺഗ്രസ് ശക്തികേന്ദ്രമായ ഇരിങ്ങാട്ടിരിയിലെ മുൻ പഞ്ചായത്ത് അംഗം കൂടിയാണ്.
അതേസമയം, അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പാർട്ടി ഒറ്റക്കെട്ടാണെന്നും ചില കാര്യങ്ങളിൽ അസംതൃപ്തിയുള്ളവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മണ്ഡലം പ്രസിഡന്റ് എൻ.കെ. അബ്ദുൽ ഹമീദ് ഹാജി ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ കമ്മിറ്റിക്ക് മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.