മരണകാരണമറിയണം; വളർത്തു പൂച്ചകളുടെ ജഡത്തിന് കാവലിരുന്ന് ദമ്പതികൾ
text_fieldsകരുവാരകുണ്ട്: വളർത്തു പൂച്ചകളുടെ മരണകാരണമറിയാൻ അവയുടെ ജഡങ്ങൾക്ക് രണ്ടുനാൾ കൂട്ടിരുന്ന് ആദിവാസി വൃദ്ധ ദമ്പതികൾ. കൽക്കുണ്ട് ചേരി കോളനിയിലെ കുമ്മുള്ളി മാധവനും ഭാര്യ സുമതിയുമാണ് മക്കളെ പോലെ ലാളിച്ചിരുന്ന നാലു വളർത്തുപൂച്ചകളുടെ ദുരൂഹ മരണത്തിന്റെ കാരണമറിയാൻ ജഡങ്ങൾക്ക് കാവലിരിക്കുന്നത്.
മക്കളില്ലാത്ത മാധവനും സുമതിക്കും ജീവിതത്തിൽ കൂട്ട് വളർത്തുമൃഗങ്ങളാണ്. രണ്ടു വർഷം മുമ്പാണ് പൂച്ചകളെ വളർത്താൻ തുടങ്ങിയത്. ഇപ്പോൾ നാലെണ്ണമുണ്ട്. പാലും ബിസ്കറ്റും നൽകി ലാളിച്ചു വളർത്തിയ ഇവയെ ബുധനാഴ്ച ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് ഇവരെ ഏറെ സങ്കടപ്പെടുത്തി. ആരോ വിഷം കൊടുത്ത് കൊന്നതാണെന്നും സംസ്കരിച്ചാൽ കുറ്റക്കാരെ കണ്ടെത്താനാവില്ലെന്നും ഇവർ പറയുന്നു. കാരണക്കാരെ കണ്ടെത്തണമെന്ന ആവശ്യം കരുവാരകുണ്ട് പൊലീസിനെ അറിയിച്ച ഇവർ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി പരാതിയും നൽകി.
പൊലീസിനെ കാത്ത് പൗഡറിട്ടും മറ്റുമാണ് രണ്ടു ദിവസം ജഡം സൂക്ഷിച്ചത്. സങ്കടം കാരണം സുമതി വ്യാഴാഴ്ച ഭക്ഷണം പോലും കഴിച്ചില്ലെന്ന് മാധവൻ പറഞ്ഞു. വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് പോസ്റ്റ്മോർട്ടം ചെയ്ത് റിപ്പോർട്ട് നൽകാൻ വെറ്ററിനറി സർജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.