ലീഗിലും യു.ഡി.എഫിലും തർക്കം; കരുവാരകുണ്ട് സഹകരണ ബാങ്ക് നിയമനം വൈകുന്നു
text_fieldsകരുവാരകുണ്ട്: യു.ഡി.എഫ് ബോർഡ് ഭരിക്കുന്ന കരുവാരകുണ്ട് സർവിസ് സഹകരണ ബാങ്കിലെ പുതിയ നിയമനം വൈകുന്നു. മുസ്ലിം ലീഗിനകത്തെയും യു.ഡി.എഫിലെയും പ്രശ്നങ്ങൾ നിയമനം വൈകാൻ കാരണമാണ്. ഒപ്പം ഡയറക്ടർ ബോർഡും ലീഗ് പാർട്ടി നേതൃത്വവും തമ്മിലും പ്രശ്നങ്ങളുണ്ട്.
നിയമിക്കപ്പെടേണ്ടവരുടെ അന്തിമ പട്ടികയാവാത്തതിനാൽ ഡയറക്ടർ ബോർഡ് യോഗവും നീളുകയാണ്. ഇത് ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. കരുവാരകുണ്ട്, പുന്നക്കാട്, പാണ്ടിക്കാട് എന്നിവിടങ്ങളിൽ ശാഖകളും പുറമെ നീതി മെഡിക്കൽ സ്റ്റോറും ബാങ്കിന് കീഴിലുണ്ട്. ഇവയിൽ പ്യൂൺ, സ്വീപ്പർ തസ്തികകളിലായി ആറ് ഒഴിവുകളാണുള്ളത്. ഇതിലേക്ക് എഴുത്ത് പരീക്ഷയും അഭിമുഖവും കഴിഞ്ഞമാസം നടത്തിയിരുന്നു.
എന്നാൽ, ഇതുവരെയും നിയമന നടപടി എങ്ങുമെത്തിയിട്ടില്ല. ആറെണ്ണത്തിൽ ഒന്ന് മാത്രമാണ് കോൺഗ്രസിന് നൽകിയത്. ഇത് യു.ഡി.എഫിനകത്ത് തർക്കത്തിനിടയാക്കിയിരുന്നു. എന്നാൽ, ലീഗ് നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസ് പിൻവലിഞ്ഞു. അതേസമയം, അഞ്ച് തസ്തികകൾ ലഭിച്ച ലീഗിന് അത് തലവേദനയാവുകയും ചെയ്തു. ഇതിൽ മൂന്നുപേർ മാസങ്ങൾക്ക് മുമ്പുതന്നെ താൽക്കാലികമായി നിയമിക്കപ്പെട്ടവരാണ്. ഇവരെ സ്ഥിരപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്. രണ്ടിൽ ഒരു തസ്തിക പാണ്ടിക്കാട്ട് ലീഗിന് നൽകേണ്ടി വന്നു. ശേഷിക്കുന്ന ഒരു തസ്തികയിൽ നിരവധി പേർ അവകാശവാദമുന്നയിച്ചതോടെ തീരുമാനം നീളുകയായിരുന്നു. കെ.എം.സി.സി, യൂത്ത് ലീഗ്, വൈറ്റ് ഗാർഡ് എന്നിവരെല്ലാം നോമിനികളെ നിർദേശിച്ചതോടെയാണ് തലവേദനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.