ഓർമയായത് കരുവാരകുണ്ടിന്റെ ഹൃദയതാളമറിഞ്ഞ ഡോക്ടർ
text_fieldsകരുവാരകുണ്ട്: പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മലയോരഗ്രാമത്തിന് ആശുപത്രിയും ചികിത്സയും യാഥാർഥ്യമാക്കി നൽകിയ ജനകീയ ഭിഷഗ്വരനായിരുന്നു ഞായറാഴ്ച നിര്യാതനായ ഡോ. കെ. ഉമർ.1979 മുതൽ രണ്ടര പതിറ്റാണ്ട് പ്രവർത്തിച്ച കെ.ജെ ഹോസ്പിറ്റലും ഉമർ ഡോക്ടറും ഇന്നും വേർപെടുത്താനാവാത്ത രണ്ട് നാമങ്ങളാണ് കരുവാരകുണ്ടുകാർക്ക്.
1950ൽ കരുവാത്തൊടി പോക്കറിന്റെ മകനായി പട്ടിക്കാടാണ് ഡോക്ടറുടെ ജനനം. ഫാറൂഖ് കോളജിൽനിന്ന് ബി.എസ്സിയും ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും നേടി. പാലക്കാട് ജില്ല ആശുപത്രിയിലെ ഹൗസ് സർജൻസിക്ക് ശേഷം 1979ലാണ് ഇദ്ദേഹം കരുവാരകുണ്ടിലെത്തുന്നത്. 2002 വരെ അങ്ങാടി ജുമാമസ്ജിദ് കെട്ടിടത്തിൽ കെ.ജെ ഹോസ്പിറ്റൽ നടത്തി. പിന്നീട് ജിദ്ദയിലെ അന്നൂർ പോളിക്ലിനിക്കിലും പട്ടിക്കാടും വർഷങ്ങളോളം ജോലിചെയ്തു.
കരുവാരകുണ്ടുകാരുടെ ഹൃദയമിടിപ്പ് പുഞ്ചിരിയോടെ തൊട്ടറിഞ്ഞ പ്രിയ ഡോക്ടർ വിദ്യാഭ്യാസ, സേവന രംഗങ്ങളിലും മാതൃകയും വഴികാട്ടിയുമായി നാടിനൊപ്പമുണ്ടായിരുന്നു. മരുതുങ്ങലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ നിരവധി പേരാണ് എത്തിയത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ പട്ടിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.