അഞ്ചു വർഷം, നാലു പ്രസിഡൻറുമാർ: കരുവാരകുണ്ടിലേത് അപൂർവ ഭരണം
text_fieldsകരുവാരകുണ്ട്: അഞ്ചു വർഷത്തിനിടെ നാലു പ്രസിഡന്റുമാർ കയറിയിറങ്ങിയ സംസ്ഥാനത്തെ അത്യപൂർവ പഞ്ചായത്തെന്ന ബഹുമതി കരുവാരകുണ്ടിനും സ്വന്തം. നാലാമനായാണ് പി. ഷൗക്കത്തലി പ്രസിഡൻറ് പദവിയിൽ നിന്ന് ബുധനാഴ്ച പടിയിറങ്ങിയത്. ആറരപ്പതിറ്റാണ്ട് നിണ്ട കരുവാരകുണ്ട് പഞ്ചായത്തിെൻറ ഭരണ ചരിത്രത്തിൽ 12 പേരാണ് പ്രസിഡുമാരായത്.
മൂന്നിലൊന്ന് പേരും കഴിഞ്ഞ അഞ്ചു വർഷത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 2015 നവംബർ 18 ന് പ്രസിഡൻറായി അധികാരമേറ്റ മുസ്ലിം ലീഗിലെ കെ. മുഹമ്മദ് മാസ്റ്ററെ 2017 ഒക്ടോബർ 21ന് സി.പി.എം പിന്തുണയോടെ കോൺഗ്രസ് താഴെയിറക്കി.
പിന്നീട് കോൺഗ്രസ് പിന്തുണയിൽ സി.പി.എമ്മിലെ മഠത്തിൽ ലത്തീഫ് പ്രസിഡൻറായി. 330 ദിവസം ഭരിച്ച ഇദ്ദേഹത്തെ ലീഗ് പിന്തുണയോടെ കോൺഗ്രസ് സ്ഥാനഭ്രഷ്ടനാക്കി. തുടർന്ന് യു.ഡി.എഫ് സംവിധാനത്തിൽ കോൺഗ്രസിലെ വി.ആബിദലി പ്രസിഡന്റായി. മുൻ ധാരണ പ്രകാരം പതിനൊന്നാം മാസം ലീഗിന് വേണ്ടി ആബിദലി രാജിവെച്ചു.
ശേഷം 13 മാസം പി ഷൗക്കത്തലിയായിരുന്നു അമരത്ത്. ഇതിനിടെ പ്രസിഡൻറ്, വൈസ് പ്രസിഡന്റ് എന്നിവരുടെ അഭാവത്തിൽ രണ്ടു തവണയായി രണ്ട് മാസക്കാലം കൂടി ഷൗക്കത്തലി പ്രസിഡൻറ് കസേരയിലിരുന്നു. ലീഗ്-കോൺഗ്രസ് സഖ്യത്തിന് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും സി.പി.എമ്മുമായി തരംപോലെ കൂട്ടുചേർന്ന് ഇരു പാർട്ടികളും പരസ്പരം വൈരം തീർക്കാറുണ്ട്.
ഈ കൊണ്ടും കൊടുക്കലുമാണ് രാഷ്ട്രീയ അസ്ഥിരതയുടെ കാരണവും. ഇത്തവണയും ഗ്രാമപഞ്ചായത്തിൽ ത്രികോണ പോരാട്ടത്തിന് തന്നെയാണ് കളമൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.