കാട്ടാനശല്യം: കൃഷിഭൂമി വിടാനൊരുങ്ങി യുവ കർഷകൻ
text_fieldsകരുവാരകുണ്ട്: കാട്ടാന വിളയാട്ടത്തിൽ പൊറുതിമുട്ടി യുവ കർഷകൻ. അടക്കാക്കുണ്ട് പാറശ്ശേരിയിലെ പാടത്തുംപീടിക മുർഷിദാണ് ആനഭീതിയിൽ കൃഷിഭൂമി വിടാനൊരുങ്ങുന്നത്. കൽക്കുണ്ട് സി.ടി എസ്റ്റേറ്റിന് സമീപം ഭൂമി പാട്ടത്തിനെടുത്താണ് മുർഷിദ് മുവായിരം വാഴകൾ നട്ടത്. എന്നാൽ ഒരു മാസത്തിനിടെ ആറു തവണ തോട്ടത്തിൽ ആനകളെത്തി.
ഞായറാഴ്ച പുലർച്ചെ എത്തിയ ആനകൾ വെട്ടാറായ ഇരുന്നൂറോളം വാഴകൾ നശിപ്പിച്ചു. അഞ്ഞൂറോളം വാഴകൾ ഇതിനകം ആനകൾ ഭക്ഷണമാക്കുകയും ചെയ്തു. സൗരോർജ വേലി തകർത്താണ് അകത്ത് കടക്കുന്നത്. വിലത്തകർച്ചക്ക് പിന്നാലെ കാട്ടാന ശല്യം കൂടിയായതോടെ കൃഷിഭൂമി വിട്ടിറങ്ങേണ്ട ഗതിയിലായെന്ന് മുർഷിദ് പറഞ്ഞു.കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കാണുന്നില്ല, കർഷകരുടെ കണ്ണീർ
കരുവാരകുണ്ട്: മലയോര കർഷകരുടെ കണ്ണീര് കാണാതെ കൃഷി, വനം വകുപ്പുകൾ. കാട്ടുമൃഗശല്യം തടയാൻ സൗരോർജ വേലി നിർമിക്കാൻ വനംവകുപ്പ് ഒരുക്കമല്ല. കൃഷിഭൂമിയിലെത്തുന്ന ആനകളെ കാടു കയറ്റാൻ വനപാലകരുമെത്തില്ല. വാഴ ഒന്നിന് മൂന്ന് രൂപ വിള ഇൻഷൂർ പ്രീമിയം കർഷകൻ അടക്കും.കുലച്ച വാഴ നശിപ്പിച്ചാൽ 300 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക.എന്നാൽ ഇതിന് വർഷങ്ങൾ കാത്തിരിക്കണം. വിലത്തകർച്ച കൂടിയായാൽ നഷ്ടം കനക്കും. രണ്ടാം തവണ കൃഷിയിറക്കാൻ സാധിക്കാതെ കർഷകർ കണ്ണീരുമായി മലയിറങ്ങുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.