മുള്ളറയിൽ നാല് ആടുകളെ കാണാനില്ല, ഒന്ന് ചത്ത നിലയിൽ; കടുവ ആക്രമണമെന്ന് സംശയം
text_fieldsകരുവാരകുണ്ട്: കടുവ ഭീതി നിലനിൽക്കുന്ന മുള്ളറയിൽ നാല് ആടുകളെ കാണാനില്ല. ഒന്നിനെ ചത്ത നിലയിൽ കെണ്ടത്തി. ബുധനാഴ്ചയാണ് സംഭവം. മുള്ളറ ആര്യാടൻ കോളനിയിലെ ആര്യാടൻ അനീസിെൻറ ആടുകളെയാണ് ആക്രമിച്ചത്. വൈകീട്ട് അഞ്ചോടെ വീടിന് ഏതാനും മീറ്റർ അകലെ മേയുകയായിരുന്നു ആടുകൾ. ഇതിനിടെയാണ് കൂട്ടക്കരച്ചിൽ കേട്ടത്. കടുവ ഭീതി നിലനിൽക്കുന്നതിനാൽ വീട്ടുകാർ പുറത്തിറങ്ങിയില്ല.
അൽപനേരം കഴിഞ്ഞ് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഒരു ആടിനെ ചത്ത നിലയിൽ കണ്ടത്. മറ്റു നാലെണ്ണത്തിനെ രാത്രി ഏറെ വൈകിയും കണ്ടെത്തിയിട്ടില്ല. ആടിെൻറ കഴുത്തിലെ ആഴത്തിലുള്ള മുറിവും കാൽപാടുകളും കണക്കിലെടുക്കുേമ്പാൾ ജീവി കടുവ തന്നെയാണെന്നാണ് നാട്ടുകാരുടെ നിഗമനം. വൈസ് പ്രസിഡൻറ് മഠത്തിൽ ലത്തീഫിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും പൊലീസും വനം വകുപ്പ് ജീവനക്കാരും രാത്രി സ്ഥലത്തെത്തി. ഭീതിയകറ്റാൻ നടപടിയെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ബുധനാഴ്ചയും ആക്രമണം; കെണി സ്ഥാപിച്ചു
കരുവാരകുണ്ട്: തുടർച്ചയായി മൂന്നാം ദിനവും കടുവയുടെ സാന്നിധ്യമുണ്ടായ കുണ്ടോടയിൽ വനം വകുപ്പ് കെണി സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം വെച്ച കാമറകളിൽ കടുവ പെട്ടതിനെ തുടർന്നാണ് നടപടി. ബുധനാഴ്ച ഉച്ചയോടെയാണ് വളർത്തുനായെ വെച്ച് കെണി സ്ഥാപിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പകൽ പന്നിയെ വേട്ടയാടി കടുവ ജനവാസകേന്ദ്രത്തിലെത്തിയത്. പന്നിയെ പകുതി ഭക്ഷിച്ച കടുവ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വീണ്ടുമെത്തി അതിനെ പൂർണമായും തിന്നു. കടുവ കാടുകയറാത്തതിനെ തുടർന്ന് പ്രദേശത്തുകാർ ഭീതിയിലായി. ഇതോടെയാണ് കെണി വെച്ചത്. അതേസമയം, പന്നിയുടെ ജഡം ഇരയായി വെച്ച് തിങ്കളാഴ്ച തന്നെ കെണി വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വനംവകുപ്പിൽനിന്ന് അനുമതി ലഭിച്ചിരുന്നില്ല. കടുവയെ ഡ്രോൺ ഉപയോഗിച്ച് തെരയാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. നിലമ്പൂർ ഡി.എഫ്.ഒയും സ്ഥലത്തെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.