ഗ്രീൻഫീൽഡ് ഹൈവേ; കരുവാരകുണ്ടിൽ കല്ലിടൽ തുടങ്ങി
text_fieldsകരുവാരകുണ്ട്: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ കല്ലിടൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ തുടങ്ങി. എടപ്പറ്റ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പുളിയക്കോട്ടിലെ മദ്റസയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആദ്യ കല്ലിട്ടത്.
45 മീറ്റർ വീതിയുള്ള പാതക്ക് 1.8 കി.മീ. ദൈർഘ്യമാണ് കരുവാരകുണ്ടിലുണ്ടാവുക. തുടർന്ന് പാത ആലത്തൂർ വഴി തുവ്വൂരിൽ പ്രവേശിക്കും. ഓരോ 50 മീറ്റർ നീളത്തിലും രണ്ട് വശത്തായി 74 കല്ലാണ് സ്ഥാപിക്കുക. രണ്ട് ദിവസത്തിനകം കല്ലിടൽ പൂർത്തിയാക്കി തുവ്വൂർ ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കും. പാതയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലാണ് കല്ലിടൽ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം വി.സി. ഉണ്ണികൃഷ്ണൻ, തഹസിൽദാർ ശംസുദ്ദീൻ, ലൈസൺ ഓഫിസർമാരായ വി. സുഭാഷ് ചന്ദ്രബോസ്, സി.വി. മുരളീധരൻ, റവന്യൂ ഇൻസ്പെക്ടർ ടി.ആർ. നന്ദിനി, സ്പെഷൽ വില്ലേജ് ഓഫിസർമാരായ പി. അബ്ദുല്ല, സർവേയർമാരായ പി.എം. നിസാമുദ്ദീൻ, കെ.വി. വിജു, എം.ആർ. റിയാസ് ഖാൻ, എം.ആർ. വിഷ്ണു എന്നിവർ നേതൃത്വം നൽകി.
വലിയ അണ്ടർപാസുകളിലൊന്ന് ഇരിങ്ങാട്ടിരിയിൽ
കരുവാരകുണ്ട്: നിർദിഷ്ട ഗ്രീൻഫീൽഡ് പാതയിലെ വലിയ രണ്ട് അണ്ടർപാസുകളിലൊന്ന് ഇരിങ്ങാട്ടിരിയിൽ. കാരക്കുന്ന് മുതൽ എടത്തനാട്ടുകര വരെയുള്ള 27 കി.മീറ്ററിലാണ് സംസ്ഥാനപാത മുറിച്ചുകടക്കുന്ന രണ്ടിടത്ത് വലിയ അണ്ടർപാസുകൾ നിർമിക്കുക. ഇതിൽ ഒന്നാണ് കരുവാരകുണ്ട്-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ ഇരിങ്ങാട്ടിരിയിലേത്. 20 മീറ്റർ വീതിയും 5.5 മീറ്റർ ഉയരവുമാണ് വലിയ അണ്ടർപാസിനുണ്ടാവുക. രണ്ടാമത്തേത് മലപ്പുറം-നിലമ്പൂർ റോഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.