ജലനിധി പദ്ധതി: പരാതികളിൽ ഇടപെട്ട് കരുവാരകുണ്ട് പഞ്ചായത്ത്
text_fieldsകരുവാരകുണ്ട്: വേനൽ കനത്തതോടെ ജലനിധി പദ്ധതിയിലെ പരാതികളിൽ ഇടപെട്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്. ഗുണഭോക്തൃ സമിതികൾക്കെതിരെ ആരോപണങ്ങളും വെള്ളം ലഭിക്കുന്നില്ലെന്ന പരാതികളും ഉയർന്ന സാഹചര്യത്തിലാണ് നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഴുവൻ സമിതികളുടെയും ഭാരവാഹികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ വിളിച്ചുചേർത്തിരുന്നു.
ലോകബാങ്ക് സഹായത്തോടെ ഒമ്പതു കോടി ചെലവിൽ 2016ൽ തുടങ്ങിയ ജലനിധി വഴി 3200ഓളം കുടുംബങ്ങൾക്കാണ് ശുദ്ധജലം ലഭ്യമായിരുന്നത്. നടത്തിപ്പിനായി 14 ഗുണഭോക്തൃസമിതികളുണ്ട്. ജലവിതരണം, പുതിയ കണക്ഷൻ നൽകൽ, കരം പിരിക്കൽ, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം സമിതിയുടെ ബാധ്യതയായതിനാൽ പഞ്ചായത്തിന് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളുണ്ടായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞതോടെ പദ്ധതിക്കെതിരെ ആരോപണങ്ങളുയർന്നു. പല പദ്ധതികളുടെയും ഭാരവാഹികൾ ഗുണഭോക്താക്കളുടെ യോഗം വിളിക്കുകയോ കണക്ക് അവതരിപ്പിക്കുകയോ ചെയ്തില്ല. ഭാരവാഹികളും മാറിയില്ല. ചെറിയ സ്കീമുകളിൽ പലതിലും കരം ഇനത്തിൽ ലക്ഷക്കണക്കിന് രൂപ നീക്കിയിരിപ്പുണ്ടായി. വലിയ സ്കീമുകളിൽ പൈപ്പ് പൊട്ടലും മോട്ടോർ തകരാറും വഴി ദിവസങ്ങളോളം ജലവിതരണം മുടങ്ങി.
ഇവർക്കാകട്ടെ അറ്റകുറ്റപ്പണിക്ക് പോലും ഫണ്ടില്ലാത്ത അവസ്ഥയുമുണ്ടായി. ഇതിന് പുറമെ പലപ്പോഴും മലിനജലവും പൈപ്പ് വഴിയെത്തി. ഇതെല്ലാം പരാതികളായി ഉയരുകയും സ്ത്രീകളടക്കം പല ഗുണഭോക്താക്കളും പഞ്ചായത്തിലെത്തുകയും ചെയ്തു. ഇത് ഭരണസമിതിക്ക് തലവേദനയായിരുന്നു. തുടർന്നാണ് ഗുണഭോക്തൃ സമിതികളുടെ യോഗം ചേർന്നത്. മാർച്ച് 30നകം സ്കീമുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പരാധീനത നേരിടുന്ന സമിതികൾക്ക് ഫണ്ട് നൽകാനും ജലവിതരണം കാര്യക്ഷമമാക്കാനുമാണ് തീരുമാനം. പ്രസിഡന്റ് അധ്യക്ഷയായി മുഴുവൻ സ്കീമുകളും ഉൾക്കൊള്ളുന്ന കോൺഫെഡറേഷൻ സമിതിയും രൂപവത്കരിക്കും. അതേസമയം, നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ചെറിയ സ്കീമുകൾക്ക് പഞ്ചായത്തിന്റെ നീക്കത്തിൽ അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.