ജൽജീവൻ മിഷൻ; കരുവാരകുണ്ടിൽ 9400 കണക്ഷൻ
text_fieldsകരുവാരകുണ്ട്: ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ കരുവാരകുണ്ടിൽ ഊർജിതമായി. ഗ്രാമപഞ്ചായത്തിൽ 9400 ഗാർഹിക കണക്ഷനുകൾ നൽകാനാണ് പ്രാഥമിക ധാരണ. ആവശ്യമെങ്കിൽ എണ്ണം വർധിപ്പിച്ചേക്കും. വണ്ടൂർ, കാളികാവ്, എടപ്പറ്റ, തുവ്വൂർ, കരുവാരകുണ്ട് എന്നീ പഞ്ചായത്തുകൾക്ക് ആവശ്യമായ വെള്ളം ചാലിയാർ പുഴയിൽ നിന്നാണ് എടുക്കുക.
കരുവാരകുണ്ടിലേക്കാവശ്യമായ വെള്ളം സംഭരിച്ചുവെക്കാനായി തുരുമ്പോടയിൽ 27 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിക്കും. ഇതിനാവശ്യമായ റവന്യു ഭൂമി കണ്ടെത്തിയിട്ടുണ്ട്. വണ്ടൂരിൽനിന്ന് വെള്ളം നരിയക്കംപൊയിലിൽ സ്ഥാപിക്കുന്ന ബൂസ്റ്റിങ് സ്റ്റേഷൻ വഴിയാണ് തുരുമ്പോടയിലെ സംഭരണിയിലെത്തുക.
പദ്ധതിക്കാവശ്യമായ പൈപ്പുകൾ എത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കരുവാരകുണ്ടിൽ നടപ്പാക്കിയ ജലനിധി പദ്ധതിയിലൂടെ രണ്ടായിരത്തിലേറെ കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചിരുന്നു. എന്നാൽ, ഇതിൽ പല പദ്ധതികളും ഇപ്പോൾ നിലനിൽപ്പ് ഭീഷണി നേരിടുന്നുണ്ട്.
മോട്ടോറുകൾ തകരാറിലായാൽ പദ്ധതി തന്നെ നിലക്കുന്ന അവസ്ഥയുമുണ്ട്. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കിയതിനാൽ ജലനിധി ഒഴിവാക്കി ഈ കുടുംബങ്ങളെ കൂടി ജൽ ജീവനിൽ ഉൾപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചർച്ചക്ക് കഴിഞ്ഞ ദിവസം ഗുണഭോക്തൃ കമ്മിറ്റികളുടെ യോഗം വിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.