വികസനക്കുതിപ്പിൽ കരുവാരകുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രം; ഇനി വേണ്ടത് കിടത്തിചികിത്സ
text_fieldsകരുവാരകുണ്ട്: 65 ചതുരശ്ര കി.മീ വിസ്തീർണവും 52,000 ജനസംഖ്യയുമുള്ള ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നാണ് കരുവാരകുണ്ട്. മലയോര മേഖലയാണ് കൂടുതൽ. മലയോരജനതയുടെ കാത്തിരിപ്പിനൊടുവിൽ 40 വർഷം മുമ്പാണ് ഇവിടെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം വന്നത്. മുറവിളികളും നിവേദനങ്ങളും സമരങ്ങളുമൊക്കെയായി 2009ൽ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമായും ഉയർത്തി. എം.പിമാർ, എ.പി അനിൽകുമാർ എം.എൽ.എ, ബ്ലോക്ക്, പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകളെത്തിയപ്പോൾ ഈ ആതുരാലയം വികസനത്തിെൻറ പാതയിൽ മുന്നേറി. 50 ലക്ഷം എം.എൽ.എ ഫണ്ടിൽ പുരുഷ-വനിത വാർഡുകളടങ്ങുന്ന ഐ.പി ബ്ലോക്ക് 2019 ആഗസ്റ്റിൽ തുറന്നു. തുടർന്നുള്ള വർഷങ്ങളിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കി. ലബോറട്ടറി, ദന്തരോഗ വിഭാഗം, വയോജന, ഭിന്നശേഷി, കുത്തിവെപ്പ് എന്നിവക്ക് പ്രത്യേകം ബ്ലോക്കുകൾ ഉയർന്നു. ആധുനിക സൗകര്യങ്ങളോടെ ഫിസിയോ തെറപ്പി വിഭാഗവും തുറന്നു.
മെഡിക്കൽ ഓഫിസർ ഡോ. മഞ്ജു കെ. നായരുടെ നേതൃത്വത്തിൽ നാലു ഡോക്ടർമാർ, ഒരു ഡെൻറൽ സർജൻ, സി.കെ. മനോജ്കുമാറിെൻറ കീഴിൽ 10 ആരോഗ്യ ഇൻസ്പെക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന സംഘമാണ് ആതുരാലയത്തിെൻറ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അഞ്ഞൂറോളം രോഗികളാണ് ദിനംതോറുമെത്തുന്നത്.
തുടങ്ങണം ഐ.പി വിഭാഗം
കരുവാരകുണ്ടിൽ രാത്രികാല ചികിത്സ ലഭ്യമായ ഒരു ആശുപത്രി പോലുമില്ല. കിടത്തിച്ചികിത്സയുള്ള സർക്കാർ ആശുപത്രിയുമില്ല. ഐ.പി ബ്ലോക്ക് രണ്ട് വർഷം മുമ്പ് തുറന്നെങ്കിലും ഐ.പി തുടങ്ങാനായില്ല.
സി.എച്ച്.സിയിലേക്കാവശ്യമായ സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, ഫാർമസിസ്റ്റ്, അറ്റൻഡർ, ലാബ് അസിസ്റ്റൻറ്, പാർട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതാണ് തടസ്സമായത്. സായാഹ്ന ഒ.പി പോലും തുടങ്ങാനായത് ഫാർമസിസ്റ്റിനെയും സ്റ്റാഫ്നഴ്സിനെയും എൻ.ആർ.എച്ച്.എം നൽകിയപ്പോഴാണ്.
ജീവനക്കാരും സംവിധാനങ്ങളും ഒന്നും ഇല്ലാതിരുന്ന 2005 കാലങ്ങളിൽ കിടത്തിച്ചികിത്സ തുടങ്ങി മാതൃക കാണിച്ചതാണ് ഈ ആതുരാലയം. ആ മാതൃകാ കാലം തിരികെയെത്താൻ കാത്തിരിക്കുകയാണ് മലയോര ജനത. അതിന് ആരോഗ്യവകുപ്പിെൻറ പച്ചക്കൊടിയാണ് വേണ്ടത്.
അധികം വേണ്ട ജീവനക്കാർ
സിവിൽ സർജൻ - ഒന്ന്
അസിസ്്റ്റൻറ് സർജൻ - രണ്ട്
ഫാർമസിസ്റ്റ് - ഒന്ന്
സ്റ്റാഫ് നഴ്സ് - അഞ്ച്
നഴ്സിങ് അസിസ്റ്റൻറ് - രണ്ട്
ആശുപത്രി അസി. ഗ്രേഡ് ഒന്ന് - ഒന്ന്
ആശുപത്രി അസി. ഗ്രേഡ് രണ്ട് - രണ്ട്
ജൂനിയർ ആരോഗ്യ ഇൻസ്പെക്ടർ - നാല്
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് - രണ്ട്
ലാബ് ടെക്നീഷ്യൻ - രണ്ട്
പാർട്ട് ടൈം സ്വീപ്പർ, ക്ലർക്ക്, ഓഫിസ് അറ്റൻഡർ, റേഡിയോ ഗ്രാഫർ, ഒപ്താൽമിക് അസിസ്റ്റൻറ്, പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ ഓരോന്ന് വീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.