കരുവാരകുണ്ട് സബ് സ്റ്റേഷൻ; പുതിയ സ്ഥലം തേടി വൈദ്യുതി വകുപ്പ്
text_fieldsകരുവാരകുണ്ട്: വൈദ്യുതി സബ് സ്റ്റേഷനു വേണ്ടിയുള്ള കരുവാരകുണ്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഭൂമി സബ് സ്റ്റേഷൻ നിർമാണത്തിന് അനുയോജ്യമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിനു പിന്നാലെയാണ് ഈ 18 സെന്റ് ഭൂമി വേണ്ടെന്ന തീരുമാനത്തിൽ വകുപ്പ് എത്തിയത്. പുതിയ ഭൂമിക്ക് വേണ്ടിയുള്ള പരസ്യവും ഇതിനകം നൽകി. കേന്ദ്ര സർക്കാർ പത്ത് കോടിയോളം രൂപ അനുവദിച്ചതിനെ തുടർന്ന് നാലുവർഷം മുമ്പാണ് കരുവാരകുണ്ട് സബ് സ്റ്റേഷൻ നിർമാണത്തിനുള്ള ശ്രമം വൈദ്യുതി വകുപ്പ് ആരംഭിച്ചത്. പിന്തുണയുമായി ഗ്രാമപഞ്ചായത്തും ഇറങ്ങി. അനുയോജ്യമായ സ്ഥലത്ത് പുറമ്പോക്ക് ഭൂമി നൽകാനും ശ്രമമുണ്ടായി. എന്നാൽ അതിർത്തി തർക്കവും കേസുകളും കാരണം ഈ നീക്കം വൈദ്യുതി വകുപ്പ് തന്നെ വേണ്ടെന്ന് വെച്ചു. പിന്നീടാണ് വൈദ്യുതി സെക്ഷൻ ഓഫിസിന് സമീപം 18 സെന്റ് ഭൂമി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ പട്ടിക്കാടൻ ശൈലേഷ് നൽകിയത്. മുഖ്യമന്ത്രിക്ക് നേരിട്ട് ഇതിന്റെ രേഖകളും അദ്ദേഹം കൈമാറി.
എന്നാൽ എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയിൽ ഈ സ്ഥലം യോജ്യമല്ലെന്നും ഇവിടെ സ്റ്റേഷൻ നിർമിക്കാൻ 75 ലക്ഷം രൂപ അധികം ചെലവ് വരും എന്നും കണ്ടെത്തി. ഇതോടെ ഈ ഭൂമിയും ഉപേക്ഷിച്ചു.
തുടർന്നാണ് അനുയോജ്യമായ ഇടത്ത് 30 സെന്റ് ഭൂമി തേടി പത്രപരസ്യം നൽകിയത്. സബ് സ്റ്റേഷൻ ആയതിനാൽ ജനവാസ കേന്ദ്രമാവാൻ പാടില്ല. എന്നാൽ വലിയ വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കുന്നതും സർക്കാർ അംഗീകൃത വിലക്ക് ലഭ്യവുമാകണം ഭൂമി. ഈ വ്യവസ്ഥകളാണ് സ്ഥല ലഭ്യതക്ക് തടസ്സമാകുന്നത്. കരുവാരകുണ്ടിനോടൊപ്പം പാസ്സായ തിരുവാലി സബ് സ്റ്റേഷൻ ഇതിനകം നിർമാണം പൂർത്തിയായിട്ടുണ്ട്.
നിർദിഷ്ട ബസ് സ്റ്റാൻഡ് ഭൂമി തേടിയേക്കും
കരുവാരകുണ്ട്: ഹെക്ടർ കണക്കിന് പുറമ്പോക്ക് ഭൂമിയുള്ള കരുവാരകുണ്ടിലാണ് വൈദ്യുതി സബ് സ്റ്റേഷൻ നിർമാണം അനന്തമായി നീളുന്നത്. സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ബോർഡിന് സബ് സ്റ്റേഷൻ അഭിമാന അജണ്ടയാണ്.
എന്നാൽ, ഇത് സഫലമാകുന്നില്ല. ഈ സാഹചര്യത്തിൽ കിഴക്കേത്തലയിലെ നിർദിഷ്ട പുതിയ ബസ് സ്റ്റാൻഡ് ഭൂമിയിൽ സബ് സ്റ്റേഷൻ പണിയാമോ എന്ന കാര്യം ആലോചിച്ചേക്കും. ഈ ഭൂമി പത്ത് വർഷമായി ഉപയോഗപ്പെടാതെ കിടക്കുകയാണ്.
ഇതിൽനിന്ന് 20 സെന്റ് ഭൂമി ലഭ്യമായാൽ വൈദ്യുതി വകുപ്പിന് കൈമാറാം. പരിസരത്തെ സ്വകാര്യ ഭൂമി ഉടമകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ അഭിപ്രായ സമന്വയം ഇക്കാര്യത്തിൽ വേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.