കുടുംബശ്രീ ബൾബ് വിതരണം; വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsകരുവാരകുണ്ട്: കുടുംബശ്രീ അയൽക്കൂട്ടം വഴി ഗുണനിലവാരം കുറഞ്ഞ ബൾബുകൾ വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. നിരവധി കുടുംബങ്ങൾ കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ബോർഡാണ് വിജിലൻസിന് പരാതി നൽകിയത്.
2023 ഏപ്രിലിലാണ് വിവിധ അയൽക്കൂട്ടങ്ങൾ വഴി രണ്ടായിരത്തിലേറെ ബൾബുകൾ വിതരണം ചെയ്തത്. വൈദ്യുതി ഇല്ലെങ്കിലും കത്തുന്ന ഇൻവെർട്ടർ എൽ.ഇ.ഡി ബൾബുകളാണ് 200 രൂപ നിരക്കിൽ നൽകിയത്. ഒരു വർഷം വാറൻറിയുണ്ടായിരുന്നു. എന്നാൽ, ഒരാഴ്ച കൊണ്ടുതന്നെ പലതും കേടായി. നാലുമാസം പിന്നിട്ടതോടെ 80 ശതമാനം ബൾബുകളും ഉപയോഗശൂന്യമായി. പരാതിയുമായി ചിലർ കുടുംബശ്രീയിലെത്തി.
എന്നാൽ, ബൾബുകൾ നൽകിയവരെയോ കമ്പനിയെയോ കുറിച്ച് ഒരു വിവരവും അവരുടെ പക്കലുണ്ടായിരുന്നില്ല. കുടുംബശ്രീ തീരുമാന പ്രകാരമല്ല ബൾബ് വിതരണം എന്നായിരുന്നു വിശദീകരണം. ഇക്കാര്യം മാധ്യമം വാർത്തയാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഇതിന് പിന്നാലെ കുടുംബശ്രീ അധ്യക്ഷ കരുവാരകുണ്ട് പൊലീസിൽ പരാതിയും നൽകി. എന്നാൽ, കരാർ പത്രമോ വാറന്റി കാർഡുകളോ കമ്പനിയെ കുറിച്ച വിവരങ്ങളോ പരാതിക്കാരുടെ കൈവശം ഇല്ലാത്തതിനാൽ അന്വേഷണം എങ്ങുമെത്തിയില്ല. പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് സി.പി.എം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ബോർഡ് വിജിലൻസിൽ പരാതി നൽകിയത്.
കുടുംബശ്രീ യു.ഡി.എഫിന്റെ കൈവശമാണ്. വിജിലൻസ് സി.ഐ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബശ്രീ അധ്യക്ഷ ബിന്ദു ജോസിൽനിന്ന് വിവരങ്ങൾ തേടി. യോഗ മിനിറ്റ്സ് ഉൾപ്പെടെയുള്ള രേഖകളും പരിശോധിച്ചു. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.